പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന് ഡാമില്‍ തള്ളി; 22കാരന് വധശിക്ഷ

മൂന്നുവയസ്സുകാരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഡാമില്‍ തള്ളിയ കേസിൽ ഇരുപത്തിരണ്ടുകാരന് വധശിക്ഷ. മധ്യപ്രദേശിലെ അമർവാഡയിലെ പ്രത്യേക പോക്സോ കോടതിയാണ് കോവിഡ് മഹാമാരിക്കിടയിലും തുടർച്ചയായി 116 ദിവസം വിചാരണ നടത്തി വധശിക്ഷ വിധിച്ചത്. 

മൂന്നു വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയ റിതേഷ് ധുർവ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കൊല്ലപ്പെട്ട പെൺകുട്ടിയെ ചാക്കിൽ കെട്ടി ഡാമിലേക്കെറിയാൻ സഹായിച്ച സുഹൃത്തിന് ഏഴു വർഷത്തെ കഠിന തടവും വിധിച്ചു. 

2020 ജൂലൈ 17ന് ഭോപ്പാലിൽ നിന്ന് 300 കിലോമീറ്റർ അകലം ചിന്ദ്‌വാര ജില്ലയിലെ അമർവാഡയിലാണ് സംഭവം. മുന്നു വയസ്സുള്ള പെൺകുട്ടിയെ പത്ത് രൂപ കാട്ടിയാണ് റിതേഷ് തന്റെ മുറിയിലേക്ക് കൊണ്ടുപോയത്. ബലാത്സംഗത്തെ തുടർന്ന് പെൺകുട്ടി കൊല്ലപ്പെട്ടതോടെ മൃതദേഹം മറവു ചെയ്യാനുള്ള ശ്രമമായി. ഇതിന് ധൻപാലെന്ന സുഹൃത്തിന്റെ സഹായം തേടി. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി മഞ്ചഗോര അണക്കെട്ടിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. 17ന് വൈകിട്ടോടെയാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായില്ല. മൂന്നു ദിവസത്തിനു ശേഷം ജൂലൈ 20ന് കുട്ടിയുടെ ശരീരം ഡാമില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 

സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് എസ്‌പി അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുമ്പ് നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 300 ഓളം പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. തുടർന്നാണ് സമീപ പ്രദേശത്ത് താമസിച്ച റിതേഷിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ റിതേഷ് കുറ്റം സമ്മതിച്ചു. 

പത്തു രൂപ കാട്ടി കുട്ടിയെ മുറിയിലെത്തിച്ച ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ‘അവർ അവളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം വലിച്ചെറിഞ്ഞു– എല്ലാം ഒരു മണിക്കൂറിനുള്ളിൽ നടന്നു. ആരോ മന്ത്രവാദിത്തിനായി കുട്ടിയെ ഉപയോഗപ്പെടുത്തി എന്ന് പറഞ്ഞ് അന്വേഷണത്തിൽ നിന്ന് വഴിതിരിച്ചുവിടാനും ശ്രമിച്ചു’– പൊലീസ് പറഞ്ഞു.