കുട്ടികളെ പീഡിപ്പിച്ച എഞ്ചിനീയറെ കുടുക്കിയത് അ‍ഞ്ജാതൻ: വെളിപ്പെടുത്തി സിബിഐ

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സർക്കാര്‌‍‍ ഉദ്യോഗസ്ഥനെ കുടുക്കിയത് 'അജ്ഞാതനായ വ്യക്തി'. രണ്ട് ദിവസം മുമ്പാണ് യുപിയിൽ ജലസേചന വകുപ്പിലെ എഞ്ചിനീയറും ചിത്രകൂട് സ്വദേശിയുമായ റാം ഭവൻ സിംഗ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെയാണ് സിബിഐയുടെ വെളിപ്പെടുത്തൽ. കേസിൽ സിബിഐ തയാറാക്കിയ എഫ്ഐആറിലാണ് അഞ്ജാതനെ കുറിച്ച് പരാമർശമുള്ളത്. വിശ്വാസിക്കാവുന്ന ഉറവിടം എന്നാണ് ഇയാളെ എഫ്ഐആറിൽ വിശേഷിപ്പിക്കുന്നത്. പോക്സോ ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകള്‍ക്ക് പുറമെ പ്രക‍ൃതിവിരുദ്ധ പീഡനത്തിനും റാം ഭവനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത അമ്പതോളം കുട്ടികളെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു അറസ്റ്റ്. അഞ്ച് മുതല്‍ 16 വരെ പ്രായത്തിലുള്ള കുട്ടികളായിരുന്നു ഇരകളായിരുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനു പുറമെ ഇതിന്റെ ദൃശ്യങ്ങൾ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയിൽ പകർത്തുകയും ഡാർക്ക് വെബിലൂടെ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തിരുന്നുവെന്നാണ് സിബിഐ വ്യക്തമാക്കിയിരുന്നു.

അഞ്ജാത വ്യക്തി നൽകിയ വിവരത്തെ തുടർന്ന് ഈ വർഷം ആദ്യം കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന് ബലം പകരുന്ന വീഡിയോകളും, ഫോൺ നമ്പറുകളും, പെൻ ഡ്രൈവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ നവംബർ മുപ്പത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Sreedevi