ശരത്കാല വര്‍ണ്ണങ്ങളുമായി കശ്മീര്‍; കോവിഡിനിടയിലും സഞ്ചാരികള്‍ എത്തുന്നു

ശരത്കാലം കാത്തുവച്ച വിസ്മയങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കുകയാണ് കശ്മീര്‍ താഴ്‌വര. ശ്രീനഗറിലെ ശരത്കാല വര്‍ണങ്ങളാണ് രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള  സ‍ഞ്ചാരികളുടെ മനം കവരുന്നത്. കശ്മീരിന്‍റെ സ്വന്തം ചിനാര്‍ മരങ്ങളുടെ നിറങ്ങള്‍ ആസ്വദിക്കുന്നതിന്‍റെയും ചിത്രങ്ങള്‍ എടുക്കുന്നതിന്‍റെയും  തിരക്കിലാണ്  സ‍ഞ്ചാരികള്‍. യാത്രികരുടെ സുന്ദര സ്വപ്നമായ കശ്മീരിലേക്ക്  കോവിഡ്ക്കാലത്തും യാത്രികര്‍ ചെറിയ അളവിലെങ്കിലും എത്തിച്ചേരുന്നു

കശ്മീര്‍ താഴ് വരയില്‍ ശരത്കാലം ആരംഭിക്കുന്നത് സെപ്റ്റംബര്‍ പകുതിക്കും ‍‍‍ഡിസംബര്‍ ഇരുപത്തൊന്നിനും ഇടയിലാണ്. വരാന്‍ പോകുന്ന മഞ്ഞുകാലത്തിന്‍റെ സൂചനയായ ഈ സമയം യാത്രക്കാര്‍ക്കേറെ പ്രിയപ്പെട്ടതാണ്. ഈ സമയത്തെ കാലാവസ്ഥ തന്നെയാണ് പ്രധാന ആകര്‍ഷണം.എങ്കിലും കോവിഡ് പ്രതിസന്ധി സഞ്ചാരികളുടെ വരവിനെയാകെ ബാധിച്ചിട്ടുണ്ട്. 

കശ്മീരിന്‍റെ തന്നെ പ്രത്യേകതയായ ശിക്കാര വള്ളങ്ങളിലേറി ഹിമാലയന്‍ താഴ് വരയുടെ ഭംഗി ആസ്വദിച്ചുള്ള യാത്രയും കോവിഡ്ക്കാലത്ത് സഞ്ചാരികളുടെ നഷ്ടമാണ്.കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തെ വിനോദ സഞ്ചാരത്തെയാകെ ബാധിച്ചിരിക്കുകയാണ്.