ഫ്രാൻസിൽനിന്ന് നോൺ സ്റ്റോപ്പായി പറന്നു; രണ്ടാം ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യ തൊട്ടു

ഫ്രാൻസിൽനിന്നും രണ്ടാം ബാച്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തി. ബുധനാഴ്ച രാത്രി 8.14ന് ഫ്രാൻസിൽനിന്ന് എവിടെയും നിർത്താതെ (നോൺ സ്റ്റോപ്പ്) നേരിട്ട് ഇന്ത്യയിൽ എത്തിയെന്നു വ്യോമസേന ട്വീറ്റ് ചെയ്തു. മൂന്ന് റഫാൽ വിമാനങ്ങൾ ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിൽ എത്തുമെന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ജൂലൈ 29ന് അംബാല എയർബേസിലാണ് എത്തിച്ചത്. അബുദാബിക്ക് സമീപമുള്ള അൽ ദാഫ്ര എയർബേസിൽ നിർത്തിയശേഷമാണ് അന്നു വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചത്. സെപ്റ്റംബർ 10ന് ഇവ ഔദ്യോഗികമായി സേനയുടെ ഭാഗമാക്കി. ജാംനഗറിലുള്ള വിമാനങ്ങൾ അംബാലയിലേക്കു പറക്കുമെന്നാണു വിവരം. 

അയൽരാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും സൃഷ്ടിക്കുന്ന പ്രകോപനങ്ങൾ മറികടക്കാൻ റഫാലിന്റെ വരവ് ഊർജം പകരുമെന്നാണ് ഇന്ത്യ കരുതുന്നത്. റഡാർ മുന്നറിയിപ്പ് റിസീവറുകൾ, 10 മണിക്കൂർ ശേഷിയുള്ള ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറുകൾ, ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്ക് സിസ്റ്റങ്ങൾ, ജാമറുകൾ തുടങ്ങിയ സംവിധാനങ്ങളുള്ള റഫാൽ, കര–കടൽ–വ്യോമ ആക്രമണങ്ങൾക്ക് അനുയോജ്യമായ ഇരട്ട എൻജിൻ പോർവിമാനമാണ്. ഏകദേശം 10 ടൺ ആയുധങ്ങൾ വഹിക്കാൻ കഴിയും.