റഫാലിൽ കേന്ദ്രത്തെ വെട്ടിലാക്കി ഫ്രാന്‍സിന്റെ അന്വേഷണം; രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്

റഫാല്‍ കരാറില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ വിഷയം രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. കരാറിനെക്കുറിച്ച് ജെപിസി അന്വേഷണത്തിന് പ്രധാനമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സുപ്രീംകോടതി ശരിവച്ച കരാറിനെക്കുറിച്ച് കോണ്‍ഗ്രസ് വീണ്ടും നുണ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു.

 ഇന്ത്യയുമായുണ്ടാക്കിയ റഫാല്‍ യുദ്ധവിമാനക്കരാറില്‍ ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതാണ് മോദി സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. അഴിമതിയും പക്ഷപാതവും ആരോപിച്ചുള്ള പരാതിയിലാണ് അന്വേഷണം. തുടക്കം മുതല്‍ കരാറില്‍ അഴിമതി ആരോപിച്ചിരുന്ന കോണ്‍ഗ്രസ് പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജെപിസി അന്വേഷണ ആവശ്യം ശക്തമാക്കുകയാണ്.  ജെപിസി അന്വേഷണത്തിന് മോദി സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ജനങ്ങള്‍ക്ക് അഭിപ്രായത്തിനുള്ള അവസരമൊരുക്കി രാഹുല്‍ ട്വീറ്റ് ചെയ്തു. സത്യം ഒരിക്കലും മൂടിവയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രിയങ്കാഗാന്ധിയുടെ പ്രതികരണം. കരാറിനെതിരെ നേരത്തെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രതിരോധം. എന്നാല്‍ ഫ്രാന്‍സില്‍ ഇപ്പോള്‍ അന്വേഷണത്തിന് വിധേയമാകുന്നത് കരാറില്‍ എച്ച്എഎല്‍ മാറി റിലയന്‍സ് വന്നതിന്‍റെ വിശദാംശങ്ങളും കണക്കുകളുമാണ്. ഇത് വിശദീകരിക്കേണ്ട ബാധ്യതയിലേക്കാണ് ബിജെപി ഇപ്പോള്‍ എത്തിയിരിക്കുന്നത്. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ റഫാല്‍ കരാറുയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.