സിന്ധ്യ ബിജെപി പോസ്റ്ററുകളിലും പിന്നിൽ; ബാധ്യതയോ?; സച്ചിനെ ഇറക്കി കമൽനാഥ്

മധ്യപ്രദേശ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാകും ഉപതിരഞ്ഞെടുപ്പ് ശേഷം തെളിയുക. കോൺഗ്രസോ ബിജെപിയോ എന്നതിലുപരി ജ്യോതിരാദിത്യ സിന്ധ്യയോ കമൽനാഥോ എന്ന കാര്യം തീരുമാനിക്കുന്നതാകും ജനവിധി. ഇതു മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് കമൽനാഥ് നടത്തുന്നത്. എന്നാൽ രാഷ്ട്രീയ നിരീക്ഷകരുടെ വാദങ്ങൾ മറ്റൊന്നാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ബിജെപിക്കൊപ്പം കൂടിയ സിന്ധ്യയ്ക്ക് സ്വന്തം തട്ടകത്തിൽ പോലും സ്വാധീനം കുറയുന്നുവെന്നും ഇതിന്റെ സൂചനയാണ് ബിജെപിയുടെ പ്രചാരണ ബോർഡുകളിൽ പോലും മതിയായ പ്രധാന്യം സിന്ധ്യയ്ക്ക് നൽകാത്തതെന്നും ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നരോത്തം മിശ്രക്കും പിന്നില്‍ നാലാം സ്ഥാനത്താണ് പലയിടത്തും സിന്ധ്യയുടെ സ്ഥാനം. ഇതിനൊപ്പം സിന്ധ്യക്കെതിരെ രാജസ്ഥാനില്‍ നിന്നും സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കി കമൽനാഥ് കളിക്കുന്നതും ശ്രദ്ധനേടുകയാണ്.

28 സീറ്റുകളിലേക്കാണ് നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ്. 230 അംഗ നിയമസഭയിൽ ബിജെപിക്ക് 107, കോൺഗ്രസിന് 88 എന്നിങ്ങനെയാണ് അംഗബലം. നാലു സ്വതന്ത്രരും ബിഎസ്പിക്കും എസ്പിക്കും ഓരോ അംഗങ്ങൾ വീതവും ഉണ്ട്. കോൺഗ്രസിൽനിന്നെത്തിയ 25 എംഎൽഎമാർക്ക് ബിജെപി ടിക്കറ്റ് നൽകിയപ്പോൾ ജാതി സമവാക്യങ്ങളും സർവേകളും നടത്തി കണക്കുകൂട്ടിയശേഷമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

18 വർഷത്തെ കോൺഗ്രസ് ബന്ധവും മധ്യപ്രദേശിൽ സർക്കാരിനെയും വീഴ്ത്തിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലെത്തിയത്. യുവനേതാവിന്റെ പിൻമാറ്റത്തിനൊപ്പം പൊതുജനം ഉണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. സിന്ധ്യ കുടുംബത്തിൽനിന്ന് ബിജെപിയിൽ നിലവിൽ വസുന്ധര രാജെയും യശോദര രാജെയും മകൻ ദുഷ്യന്തുമുണ്ട്. 

ഇവർക്കു ബദലായി ജ്യോതിരാദിത്യയെ ഉയർത്തിക്കൊണ്ടുവരികയാണ് കേന്ദ്ര നേതൃത്വത്തിന് താൽപര്യം. ഗ്വാളിയർ – ഭുണ്ഡേൽഖണ്ഡ് മേഖലയിൽ പാർട്ടിക്ക് ശക്തിയുറപ്പിക്കാൻ സിന്ധ്യയുടെ വരവ് ഗുണം ചെയ്യുമെന്നും ബിജെപിയുടെ പ്രതീക്ഷ.