പിടിവിട്ട് കടബാധ്യത; കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

കേന്ദ്ര സര്‍ക്കാരിനെ വലച്ച് കുത്തനെ ഉയരുന്ന പൊതുകടവും സാമ്പത്തിക ബാധ്യതകളും.  സര്‍ക്കാരിന്‍റെ ആകെ സാമ്പത്തിക ബാധ്യത 100 ലക്ഷം കോടി കടന്നു. പൊതു കടം 88.18 ലക്ഷം കോടിയായി ഉയര്‍ന്നു

പൊതുകടവും സാമ്പത്തിക ബാധ്യതകളും കൈകാര്യം ചെയ്യുന്നതില്‍ വലിയ പാളിച്ചകള്‍ ഉണ്ടാകുന്നു എന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍.  കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന്‍റെ ആകെ സാമ്പത്തിക ബാധ്യത 94.6 ലക്ഷം കോടിയായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജൂണിലിത് 101.3 ലക്ഷം കോടിയായി. 90 ദിവസം കൊണ്ട് ബാധ്യതയിലെ വര്‍ധന 6.7 ലക്ഷം കോടി. ആകെ സാമ്പത്തിക ബാധ്യതയുടെ 91.1 ശതമാനവും പൊതു കടമാണ്.  88.18 ലക്ഷം കോടിയാണ് സര്‍ക്കാരിന്‍റെ കടബാധ്യത. കഴിഞ്ഞ പാദത്തില്‍ 3.46 ലക്ഷം കോടിയാണ് കേന്ദ്രം പൊതു വിപണിയില്‍ നിന്ന് കടമെടുത്തത്.

കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് കേന്ദ്രം കടമെടുപ്പ് കൂട്ടിയത്.  ജിഡിപി കുറയുന്നതിനും നികുതി വരുമാനം ഇടിയുന്നതും തുടരാനാണ് സാധ്യത. ആ നിലയ്ക്ക് സര്‍ക്കാരിന്‍റെ കടബാധ്യത പരിധി മറികടക്കുമെന്നാണ് വിലയിരുത്തല്‍