സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍; കോടതിയിൽ നിലപാടറിയിച്ചു

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ലോകമെമ്പാടും നടക്കുന്ന മാറ്റങ്ങളെ കാണാതിരിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. സ്വവര്‍ഗ വിവാഹം നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങള്‍ കൂടി ഹര്‍ജിയില്‍ ഉള്‍പ്പെടുത്താൻ കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഐ.പി.സി 370 സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് റദ്ദാക്കിയിരുന്നു. എങ്കിലും സ്വവര്‍ഗ വിവാഹം നിയമപരമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളുമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.