പശു കുറുകെ ചാടി; നായിഡുവിന്റെ വാഹനവ്യൂഹം കൂട്ടിയിടിച്ചു; അദ്ഭുതരക്ഷ

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി പ്രസിഡന്റുമായ എൻ.ചന്ദ്രബാബു നായിഡു വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയില്‍ പശു കുറുകെ ചാടിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം അപകടത്തിൽ പെടുകയായിരുന്നു.

തെലങ്കാനയിലെ യദാദ്രി ഭോംഗിര്‍ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ കാറുകൾ‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു. വാഹനവ്യൂഹത്തിൽ ഏഴ് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ പശുവിനെ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്തതോടെ തൊട്ടുപുറകെ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടക്കുമ്പോൾ നാലാമത്തെ വാഹനത്തിലായിരുന്നു ചന്ദ്രബാബു നായിഡു. നായിഡു സഞ്ചരിച്ച വാഹനം കഷ്ടിച്ചാണ് കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ മൂന്ന് എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ബോണറ്റ് പൂർണമായി തകർന്നു.