സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായിട്ട് ഒരു വർഷം; വെല്ലുവിളികൾ ഏറെ

കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചുമതല വീണ്ടും ഏറ്റെടുത്ത സോണിയ ഗാന്ധി നേരിട്ട വെല്ലുവിളികളും നിരവധിയാണ്. മുഴുവൻ സമയ അധ്യക്ഷന് വേണ്ടിയുള്ള മുറവിളി ഉയരുന്നുണ്ടെങ്കിലും സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് സാധ്യത. 

ലോക്സഭ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയെ തുടർന്ന് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് പടിയിറങ്ങിയ സാഹചര്യത്തിലാണ് വീണ്ടും അധ്യക്ഷ പദവി സോണിയ ഗാന്ധിക്ക് ഏറ്റെടുക്കേണ്ടി വന്നത്. പാർട്ടി ഇത് വരെ അഭിമുഖീകരിക്കാത്ത ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള ഏതാനും നേതാക്കൾ പാർട്ടി വിട്ടു. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് വിമത ശബ്ദം ഉയർത്തി നിൽക്കുന്നു. സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനത്തു  എത്തിയ ശേഷം മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്  തിരഞ്ഞെടുപ്പുകളിൽ അഭിമാനകരമായ പ്രകടനം നടത്താനായതാണ് എടുത്തു പറയാനുള്ള നേട്ടം.  ബിജെപിയെ അകറ്റി നിർത്താൻ  ആശയപരമായി വിരുദ്ധ ധ്രുവങ്ങളിലുള്ള ശിവസേനയുമായി സഖ്യം ഉണ്ടാക്കിയത്  കോൺഗ്രസിന്റെ തന്ത്രപരമായ നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ മോദി - അമിത് ഷാ പ്രായോഗിക രാഷ്ട്രീയത്തിന് ബദലായി പാർട്ടിയെ ഉയർത്തിക്കൊണ്ട് വരാൻ സോണിയ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തലുണ്ട്. കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ കൃത്യമായി ചൂണ്ടിക്കാണിക്കാൻ സോണിയ ഗാന്ധിക്കായി. തിരിച്ചടികൾക്കിടയിലും സോണിയ ഗാന്ധിയിൽ തന്നെ വിശ്വാസം അർപ്പിച്ച് മുന്നോട്ട് പോവുകയാണ് കോൺഗ്രസ്‌. മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന മുറവിളി പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്താൻ രാഹുൽ ഗാന്ധി  സന്നദ്ധനായിട്ടില്ല.. നിലവിലെ സാഹചര്യത്തിൽ സോണിയ ഗാന്ധിയുടെ അധ്യക്ഷ കാലാവധി നീട്ടിയേക്കുമെന്നാണ് സൂചന.