'ഞങ്ങൾ അവർക്കായി പഴങ്ങളും പച്ചക്കറികളും കരുതും'; സാഠേയുടെ ആ വാക്കുകള്‍

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഠേയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓർമിച്ച് ബന്ധു. ബന്ധു എന്നതിനപ്പുറം ഉറ്റ സുഹൃത്തായിരുന്ന ദീപക് സാഠേയുടെ മരണം തനിക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്ന് നിലേഷ് സാഠേ ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരാഴ്ച മുന്‍പാണ് ഇരുവരും അവസാനമായി ഫോണിൽ സംസാരിച്ചത്. അന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷനെക്കുറിച്ചുള്ള പ്രതീക്ഷകളും ദീപക് സാഠേ പങ്കുവെച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായും നിലേഷ് ഓർക്കുന്നു. 

"പോകുന്ന രാജ്യങ്ങളിൽ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ അങ്ങോട്ട് പോകുമ്പോള്‍ വിമാനം ശ്യൂന്യമായിരിക്കില്ലേ'' എന്ന് നിലേഷ് ചോദിച്ചപ്പോൾ  "ഇല്ല. ഞങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല" എന്നായിരുന്നു ക്യാപ്റ്റൻ സാഠേ നല്‍കിയ മറുപടി. 

ഇച്ഛാശക്തിയുള്ള, വിമാനം പറത്തലിനെ അത്രമേൽ ഇഷ്ടപ്പെട്ട ക്യാപ്റ്റൻ ആയിരുന്നു അദ്ദേഹമെന്നും നിലേഷ് ഓർക്കുന്നു. മുൻപ് നടന്ന ഒരപകടത്തെക്കുറിച്ചും നിലേഷ് പറയുന്നുണ്ട്. എൺപതുകളുടെ തുടക്കത്തിലാണ് അത്. അന്ന് ക്യാപ്റ്റൻ സാഠേ വ്യോമസേനയിലാണ്. വിമാനാപകടത്തില്‍ തലയോട്ടിക്കേറ്റ കാര്യമായ പരിക്കിനെത്തുടർന്ന് അദ്ദേഹം ആറ് മാസമാണ് ആശുപത്രിയിൽ കിടന്നത്. അദ്ദേഹം വീണ്ടും വിമാനം പറത്തുമെന്നു പോലും ആരും കരുതിയിരുന്നില്ലെന്ന് നിലേഷ് ഓർമിക്കുന്നു. താൻ ചെയ്യുന്ന ജോലിയിൽ ക്യാപ്റ്റൻ സാഠേ ഏറെ അഭിമാനിച്ചിരുന്നെന്നും നിലേഷ് സാഠേ പറയുന്നു.