അടർന്ന് വീഴുന്ന കെട്ടിടം; ഇളകിയാടി പനമരം; വിറങ്ങലിച്ച് മുംബൈ; വിഡിയോ

മുംബൈ നഗരം റെക്കോഡ് മഴയ്ക്ക് സാക്ഷിയായിരിക്കുകയാണ്. ദിവസങ്ങളായി നിർത്താതെ പെയ്ത കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഴയ്ക്കൊപ്പം കാറ്റും കൂടിയായതോടെ ജനജീവിതം താറുമാറായിരിക്കുന്നു. കനത്ത ജാഗ്രതാനിർദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.

മുംബൈയിൽ നിന്നും ഭയപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംൈബയിലെ ദാദർ ഭാഗത്തെ ഒരു കെട്ടിടത്തിന്റെ പകുതി ഭാഗം അടർന്നു വീഴുന്നതാണ് ഒരു കാഴ്ച. കെട്ടിടത്തിന്റെ മുൻവശമാണ് തകർന്നത്. 

വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതാണ് മറ്റൊരു വിഡിയോ. കനത്ത കാറ്റിൽ പന ഇളകിയാടുന്നതാണ് വിഡിയോയിൽ. രണ്ട് ഫ്ലാറ്റുകളുടെ ഇടയിലായി നിൽക്കുന്ന പനമരം ഇരു വശത്തേക്കും ചായുകയാണ്. കാറ്റിന്റെ തീവ്രത ഇതിലൂടെ വ്യക്തമാകും.

പൊതുവേ മൺസൂൺ കാലത്ത് മുംബൈയിൽ നല്ല മഴ ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ 64 ശതമാനം അധികമഴയാണ് പെയ്തിറങ്ങിയിരിക്കുന്നത്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ പലതും ഇതിനോടകം വെള്ളത്തിലായിട്ടുണ്ട്.