കഫീൽ ഖാന് നീതി വേണം; യുപിയില്‍ രംഗത്തിറങ്ങി പ്രിയങ്കയും കോൺഗ്രസും

ഡോക്ടർ കഫീൽ ഖാന്റെ ജയിൽ മോചനത്തിനായി സജീവമായി ഇടപെട്ട് കോൺഗ്രസ്. വലിയ പ്രതിഷേധ പരിപാടികൾക്കാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് തയാറെടുക്കുന്നത്. മൂന്നാഴ്ച നാളുന്ന ഒപ്പുശേഖരണമാണ് പ്രതിഷേധത്തിന്റെ ആദ്യ ഘട്ടം. വീടുകളിലെത്തി കോൺഗ്രസ് പ്രവർത്തകർ കഫീൽ ഖാനുവേണ്ടി ഒപ്പുശേഖരിക്കും. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് വിഡിയോ പങ്കുവയ്ക്കാനും കോൺഗ്രസ് ആഹ്വാനം ചെയ്യും. 

പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിറയുന്നതിനൊപ്പമാണ് കഫീൽ ഖാനുവേണ്ടി കോൺഗ്രസ് രംഗത്തെത്തുന്നത്. ഇതിലൂടെ ന്യൂനപക്ഷ വിഭാഗത്തെ ഒപ്പം നിർത്തി യോഗിയെ പ്രതിരോധത്തിലാക്കാമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഇതിനോടകം തന്നെ കഫീൽ ഖാനെതിരായ യുപി സർക്കാരിന്റെ പ്രതികാര നടപടികൾ രാജ്യമെങ്ങും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപെടുന്നതായി റിപ്പോർട്ടുകൾ വരുന്നത്.  

ഫെബ്രുവരി 13നാണ് ദേശീയ സുരക്ഷ നിയമം ചുമത്തി കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ ജയിലിലാക്കുന്നത്. യുപിയിലെ സർക്കാർ ആശുപത്രിയിൽ അറുപതിലേറെ കുട്ടികൾ ഓക്സിജൻ തടസ്സപ്പെട്ടതിനെ തുടർന്ന് 2017ൽ മരിച്ച സംഭവത്തിൽ ജയിലിലായി വാർത്തകളിൽ നിറഞ്ഞയാളാണ് ഡോ. കഫീൽ ഖാൻ.