എനിക്ക് ശ്വസിക്കാനാവുന്നില്ല; വിട, ഡാഡി..’; മരണത്തിന് മുന്‍പ് വിഡിയോ

‘എനിക്ക് ശ്വസിക്കാനാവുന്നില്ല. ഒത്തിരി അപേക്ഷിച്ചിട്ടും കഴിഞ്ഞ മൂന്നു മണിക്കൂറുകളായി അവരെനിക്ക് ഓക്സിജൻ തരുന്നില്ല. ഇനിയുമെനിക്ക് ശ്വസിക്കാൻ കഴിയുമെന്ന് കരുതുന്നില്ല ഡാഡി. എന്റെ ഹൃദയം നിലച്ചതുപോലെ തോന്നുന്നു. വിട ഡാഡി, എല്ലാവർക്കും വിട, ഡാഡി’ – സമൂഹമാധ്യമങ്ങളിൽ ദിവസങ്ങളായി പ്രചരിക്കുന്ന വിഡിയോയാണിത്. ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽനിന്നുള്ള ദൃശ്യങ്ങളാണിത്.

ജൂൺ 24 മുതൽ മകന് കടുത്ത പനിയായിരുന്നു. പത്ത് ആശുപത്രികൾ നിരസിച്ചതിനുശേഷമാണ് ഈ സർക്കാർ ആശുപത്രിയിലേക്ക് മുപ്പത്തിനാലുകാരനായ യുവാവിനെ എത്തിച്ചത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്നായിരുന്നു ഇത്. വിഡിയോ ചിത്രീകരിച്ച് മണിക്കൂറുകൾക്കകം ജൂൺ 26ന് ഇയാൾ മരിച്ചു. യുവാവിന്റെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞതിനുശേഷമാണ് വിഡിയോ ശ്രദ്ധയിൽപ്പെട്ടതെന്ന് പിതാവ് പറഞ്ഞു.

എന്റെ മകൻ സഹായത്തിനു വേണ്ടി അഭ്യർഥിച്ചു. എന്നാൽ ആരും സഹായിച്ചില്ല. എന്റെ മകനു സംഭവിച്ചത് ഇനി ആർക്കും സംഭവിക്കരുത്. എന്തുകൊണ്ടാണ് മകന് ഓക്സിജൻ നിഷേധിച്ചത്? വേറെ ആർക്കെങ്കിലും അടിയന്തരമായി ഓക്സിജൻ വേണ്ടവന്നതിനാൽ എടുത്തുമാറ്റിയതാണോ? വിഡിയോയിൽ മകന്റെ സ്വരം കേൾക്കുമ്പോൾ ഹൃദയം തകരുന്നതുപോലെയാണെന്നും പിതാവ് പറഞ്ഞു.

മൃതദേഹം കിട്ടിയതിന്റെ അന്നുതന്നെ സംസ്കാരവും നടത്തിയിരുന്നു. പിറ്റേന്നു രാവിലെ സ്രവപരിശോധനയിൽ ഇയാൾക്ക് കോവിഡാണെന്നു സ്ഥിരീകരിച്ചുവെന്ന് ആശുപത്രിയിൽനിന്ന് വിളിച്ചറിയിച്ചു. ഇതോടെ ബന്ധുക്കൾക്കിടയിൽ പരിഭ്രാന്തി ഉളവായിട്ടുണ്ട്. മാതാപിതാക്കൾ, ഭാര്യ, സഹോദരൻ, സഹോദരഭാര്യ, അളിയൻ തുടങ്ങിയവരെല്ലാം യുവാവുമായി അടുത്തു ബന്ധപ്പെട്ടിരുന്നു. ആരും തങ്ങളുടെ പരിശോധന നടത്തുന്നില്ലെന്ന് യുവാവിന്റെ പിതാവ് ആരോപിച്ചു.

അതേസമയം, യുവാവിന് വെന്റിലേറ്റർ സപ്പോർട്ട് നൽകിയിരുന്നെന്നും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് ഇത് അറിയാൻ സാധിക്കില്ലെന്നും ആശുപത്രി സൂപ്രണ്ട് മഹ്ബൂബ് ഖാൻ പറഞ്ഞു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ഇയാള്‍ മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇത്തരം കേസുകൾ വരുന്നുണ്ട്. കോവിഡ് മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് സാധാരണയായ പ്രായം ചെന്നവരാണ് മരിക്കുന്നത്. എന്നാൽ 25 – 40 വയസ്സുള്ളവർ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു മരിക്കുന്നത് അടുത്തിടെ കാണുന്നുണ്ട്. അവർക്ക് ഓക്സിജൻ നൽകിയാലും അത് അറിയാനാകില്ലെന്നും ഖാൻ പറഞ്ഞു.