ചൈനീസ് ടിവികൾ പുറത്തേക്കെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ജനങ്ങൾ; വന്‍ പ്രതിഷേധം

അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രതിഷേധം. ഗുജറാത്തിലെ സൂറത്തിൽ  ചൈനീസ് ടെലിവിഷൻ സെറ്റുകൾ കെട്ടിടത്തിന് പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ജനങ്ങൾ പ്രതിഷേധിച്ചത്. വരാച്ഛയിലെ പഞ്ച് രത്ന ബിൽഡിംഗിലെ താമസക്കാരാണ് ഇത്തരത്തിൽ ചൈനാവിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. 

ആളുകൾ കൂട്ടം കൂടിനിന്നാണ് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്. ചൈനക്കും ചൈനീസ് സൈനികർക്കുമെതിരെ ഇവർ മുദ്രാവാക്യവും മുഴക്കി, ഭാരത് മാതാ കീ ജയ് ഉറക്കെെ വിളിച്ചു.‍ ചൈനീസ് മൊബൈലുകളടക്കം ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തു.

ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങളൾ വരുംദിവസങ്ങളിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ജമ്മുവിലും ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.

ഗൽവാൻ താഴ്വരയിൽ ചൈന അവകാശവാദം ഉന്നയിച്ചതോടെ അതിർത്തിയിലെ സ്ഥിതി സങ്കീർണമായിരിക്കുകയാണ്. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ആസൂത്രിത നീക്കമാണ് സംഘർഷത്തിന് കാരണമെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യം ഇന്ന് യാത്രാ മൊഴി നൽകും. പൊതുമേഖല  ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎലും എംടിഎൻഎലും ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് റദ്ദാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.