തമിഴ്നാട്ടിൽ നിശബ്ദ കോവിഡ് വാഹകർ; 88ശതമാനവും ലക്ഷണങ്ങളില്ല

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചവരില്‍ 88 ശതമാനം പേര്‍ക്കും ലക്ഷണങ്ങളില്ലെന്ന് വെളിപെടുത്തല്‍. കണ്ടെയ്ന്‍മെ്റ് സോണുകളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിശബ്ദ കോവിഡ് വാഹകരെ കണ്ടെത്തിയത്. മരിച്ചവരില്‍  പതിനാറു ശതമാനം  പേര്‍ക്കും മറ്റു അസുഖങ്ങളില്ലെന്നും 

ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.അതിനിടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈയില്‍ ഇന്നലെയും രോഗം ബാധിക്കുന്നവരുടെ എണ്ണം അഞ്ഞൂറ് കടന്നു. 549 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കോവിഡ് കേസുകള്‍ 11,131 ആയി ഉയര്‍ന്നു.17082 പേര്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍  15032 പേര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.  കണ്ടെയ്ന്‍മെന്റ് സോണുകളിലെ റാന്‍ഡം പരിശോധനകളിലൂടെയാണ് ഭൂരിപക്ഷം പേരെയും കണ്ടെത്തിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗികളായ 40 ശതമാനം പേര്‍ക്കു പനിയും 37 ശതമാനം പേര്‍ക്കു ചുമയുമുണ്ട്.

അതേ സമയം ഇതുവരെ മരണപെട്ട 118 പേരില്‍  19 പേര്‍ക്കു മറ്റു അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല.മരണകാരണം കോവിഡ് മത്രമാണ്. ബാക്കിയുള്ളവര്‍ക്കു പ്രമേഹം, കിഡ്നി രോഗങ്ങള്‍ , രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള‍് ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ ഇവ മൂര്‍ച്ഛിച്ചാണ് പലരും മരിച്ചത്. 

.അതിനിടെ സംസ്ഥാനത്ത് ഒരു ദിവസം രോഗികളാവുന്നവരുടെ എണ്ണം പുതിയ ഉയരത്തിലത്തി.ഇന്നലെ 805 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍  87 പേര്‍  മഹാരാഷ്ട്രയില്‍ നിന്ന് തിരികെ നാട്ടിലെത്തിയവരാണ്. രണ്ടുപേര്‍ കേരളത്തില്‍ നിന്നും മടങ്ങിയവരാണ്.ഇതോടെ കേരളത്തില്‍ നിന്ന് മടങ്ങിയത്തിയ 

നാലുപേര്‍ക്ക് ഇതുവരെ തമിഴ്നാട്ടില്‍ കോവിഡ് കണ്ടെത്തി.  വിമാനങ്ങളിലെത്തിയ  81 പേര്‍ക്കും ഇതുവരെ രോഗികളായി. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയതോടെ രോഗികളാകുന്നവരുടെ എണ്ണം വരും ദിവസങ്ങളില്‍  വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അതേ സമയം ഇതുവരെ  കോവിഡ് കണ്ടെത്തിയതില്‍ പകുതി പേര്‍ ചികില്‍സയ്ക്കു ശേഷം ആശുപത്രി വിട്ടത് ആശ്വാസമാണ്. നിലവില്‍  8320 പേരാണ് ചികില്‍സയിലുള്ളത്.ഇന്നലെ മാത്രം  407 

പേര്‍ക്കു രോഗമുക്തിയുണ്ടായി.