24 മണിക്കൂറിനിടെ 6,767 കോവിഡ് കേസുകള്‍; മരണം 3,867; ആശങ്ക

രാജ്യത്ത് 24 മണിക്കൂറിനിടെ 6,767 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. 147 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3,867 ആയി. രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 1,31,868 ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 42 ശതമാനമായി

പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ആറായിരത്തിലധികം കേസുകള്‍. കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി മുപ്പത്തിയോരായിരത്തി എണ്ണൂറ്റി അറുപത്തെട്ടായി. 73560 പേരാണ് ചികില്‍സയിലുള്ളത്. രോഗവ്യാപനത്തിനിടയിലും അസുഖം ഭേദമാകുന്നവരുടെ നിരക്ക് വര്‍ധിക്കുന്നതാണ് രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്‍കുന്നത്. ഇതുവരെ 54441 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. തൊട്ടുപിന്നില്‍ തമിഴ്നാട്. ഗുജറാത്തില്‍ മരണനിരക്ക് വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു. ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിക്കുന്നതാണ് പ്രധാനപ്രതിസന്ധി. കണക്കുകള്‍ ഈ വിധമെങ്കില്‍ ഈ മാസം അവസാനത്തോടെ രാജ്യത്ത് രണ്ട് ലക്ഷം രോഗികള്‍ ഉണ്ടാകാം.  ജൂണ്‍ മാസത്തോടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. കേസുകളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ രാജ്യത്താകെയുള്ള മരണനിരക്ക് കുറവാണ്. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിച്ചതും കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമായിട്ടുണ്ട്. മാരുതിയുടെ മനേസര്‍ നിര്‍മാണ പ്ലാന്‍റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.