ഡോക്ടറുടെ കസേരയിൽ മുഖ്യമന്ത്രി; അമ്പരന്ന് ജനങ്ങള്‍

ജന്‍മദിനത്തില്‍ ഡോക്ടറുടെ കുപ്പായം അണിഞ്ഞ് ഗോവ മുഖ്യമന്ത്രി.47-ാം ജന്മദിനമായ ഇന്നലെ  ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഡ്യൂട്ടി ഡോക്ടറായി മപ്സയിലെ ജില്ലാ ആശുപത്രിയിലെത്തിയത്. ഡോക്ടറായിരുന്ന പ്രമോദ് സാവന്ത് ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്.ഡോക്ടറുടെ കസേരയിൽ മുഖ്യമന്ത്രിയെ കണ്ട ജനങ്ങളും ആദ്യം ഒന്ന് അമ്പരന്നു. ഒപിയിലെത്തിയ രോഗികളെ മറ്റു ഡോക്ടർമാർക്കൊപ്പം അദ്ദേഹവും  പരിശോധിച്ചു. 

''ജനങ്ങളെ സേവിക്കുക എന്നത് എപ്പോഴത്തെയും എന്റെ ആഗ്രഹമാണ്. അതിന് മുഖ്യമന്ത്രി, ഡോക്ടർ എന്നീ രണ്ട് പദവികളും ഉപയോഗിക്കാം. ഇന്ന് എന്റെ ജന്മദിനമാണ്. ഗോവയിലെ മപ്സ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തിനൊപ്പം ചേരാൻ ഞാൻ ഇന്നേ ദിവസം ആ​ഗ്രഹിക്കുന്നു'', പ്രമോദ് സാവന്ത് ട്വിറ്ററിൽ കുറിച്ചു. 

കോവിഡിനെ ഗോവയിൽനിന്ന് തുരത്താൻ സംസ്ഥാനത്തെ മെഡിക്കൽ ടീം രാപകലില്ലാതെ ജോലിചെയ്തു. ഇപ്പോൾ ഡോക്ടർമാർ എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാവർക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കൽ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തിൽ ഡോക്ടർ കുപ്പായം വീണ്ടുമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.