മോദിയെ പിന്തുണച്ച്, പ്രകാശം പരത്താൻ പടക്കം പൊട്ടിച്ചു; കെട്ടിടത്തിന് തീപിടിച്ചു

പ്രധാനമന്ത്രിയെ അനുസരിച്ച് ദീപം തെളിക്കുന്നതിനിടെ പടക്കം പൊട്ടിച്ച് കെട്ടിടത്തിന്​ തീപിടിച്ചു. രാജ്യമൊട്ടാകെ നടന്ന കോവിഡ് പ്രതിരോധ യ‍ഞ്ജത്തിന്റെ ഭാഗമായാണ് പടക്കം പൊട്ടിച്ചത്.  രാജസ്ഥാനിലെ ജയ്​പൂരിലാണ്​ സംഭവം. മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങാണ് സംഭവം റിപ്പോർട്ട്​ ചെയ്​തത്​. ആർക്കും അപകടമില്ലെന്നും തീയണച്ചതായും അധികൃതർ അറിയിച്ചെന്ന്​​ മാഹിം പ്രതാപ് സിങ്​ ട്വിറ്റ് ചെയ്തു. 

അതേസമയം, രാജ്യത്ത്​ പലയിടത്തും കോവിഡ് വിരുദ്ധപോരാട്ടത്തിന് ഐക്യം വിളംബരംചെയ്ത് ദീപങ്ങൾ തെളിഞ്ഞു. ചിലയിടങ്ങളിൽ ദീപാവലിക്ക്​ സമാനമായി പടക്കങ്ങൾ പൊട്ടിക്കുകയും കരഘോഷം മുഴക്കുകയും ചെയ്​തു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സാംസ്കാരിക, സിനിമാരംഗത്തെ പ്രമുഖരും ദീപം തെളിയിക്കുന്നതില്‍ അണിചേര്‍ന്നു. രാജ്യത്തെ വീടുകളുടെ വാതില്‍പടികളിലും  ബാല്‍ക്കണികളിലും ജനം ദീപം തെളിയിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു.  കൃത്യം ഒന്‍പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ബാല്‍ക്കണികളിലും വാതില്‍പടികളിലും നിന്ന് ആളുകൾ ദീപം തെളിയിച്ചു. മണ്‍ചിരാതുകൾ മെഴുകുതിരി ടോര്‍ച്ച് മൊബൈല്‍ ഫ്ളാഷ് ലൈറ്റ് തുടങ്ങിയവ തെളിച്ചാണ് രാജ്യം പ്രതീകാത്മക പരിപാടിയിൽ പങ്കുചേർന്നത്.