രണ്ടു വർഷത്തെ ശമ്പളം നൽകി ഗൗതം ഗംഭീർ; രാജ്യത്തിനായി നിങ്ങൾക്കെന്തു നൽകാനാകും?; കുറിപ്പ്

രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള എംപിയായ ഗംഭീർ, ‘രാജ്യത്തിനായി നിങ്ങൾക്കെന്തു നൽകാനാകും’ എന്ന ചോദ്യത്തോടെയാണ് രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കു നൽകിയത്. ട്വിറ്ററിലൂടെ ഗംഭീർ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്.

‘ഈ രാജ്യത്തിന് ഞങ്ങൾക്കായി എന്തു ചെയ്യാൻ കഴിയുമെന്നാണ് ജനങ്ങളുടെ ചോദ്യം. പക്ഷേ, സുപ്രധാനമായ ചോദ്യം നിങ്ങൾക്ക് ഈ രാജ്യത്തിനായി എന്തു ചെയ്യാൻ കഴിയുമെന്നതാണ്. ഞാൻ എന്റെ രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കു നൽകുന്നു. നിങ്ങളും മുന്നോട്ടു വരൂ’ – പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരെ ടാഗ് ചെയ്ത് ഗംഭീർ കുറിച്ചു. നേരത്തെ, തന്റെ എംപി ഫണ്ടിൽനിന്ന് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതായി ഗംഭീർ പ്രഖ്യാപിച്ചിരുന്നു.