കോവിഡ് ഭീതിയിൽ കേരളം വിട്ടു; ജോലി പോയി; ഇജാറുള്‍ ഇപ്പോള്‍ കോടീശ്വരന്‍

പ്രതീകാത്മക ചിത്രം

കേരളത്തിൽ കോവിഡ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കിട്ടിയ ട്രെയിന് നാട്ടിലേക്ക് തിരിച്ചവരിൽ പശ്ചിമ ബംഗാൾ സ്വദേശി ഇജാറുളും ഉണ്ടായിരുന്നു. കേരളത്തിൽ ആശാരിയായി ജോലി ചെയ്തു വരികയായിരുന്നു ഇജാറുൾ. കോവിഡ് ഭീതി പടർന്നതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്താൻ ഇജാറുൾ നിർബന്ധിതനായി. ബംഗാളിൽ വെറും 500 രൂപ ദിവസം കിട്ടുമ്പോൾ കേരളത്തിൽ അതിന്റെ ഇരട്ടിപണമാണ് ഇജാറുളിന് ലഭിച്ചിരുന്നത്. 

അതുകൊണ്ട് തന്നെ ജോലി നഷ്ടപ്പെടുത്തിയതിന്റെ വിഷമം നല്ലതുപോലെ ഉണ്ടായിരുന്നുവെന്ന് ഇജാറുൾ പറയുന്നു. പക്ഷേ ആ സങ്കടത്തിൽ ഒരു ലോട്ടറി എടുത്തതോടെ ഇജാറുളിന്റെ ജീവിതം മാറിമറിഞ്ഞു. കോടീശ്വരനാണിന്ന് ഇജാറുൾ.  ഇജാറുളിന് ഭാഗ്യം വന്ന് ചേർന്നതിൽ അയൽക്കാരും സുഹൃത്തുക്കളുമെല്ലാം സന്തുഷ്ടരാണ്. 

ലോട്ടറിയടിച്ച പണം കൊണ്ട് ഒരു വലിയ വീട് വയ്ക്കണമെന്നും സ്വന്തമായൊരു ബിസിനസൊക്കെ തുടങ്ങി വീട്ടുകാർക്കൊപ്പം കഴിയണമെന്നുമാണ് ഇജാറുളിന്റെ ആഗ്രഹം. മക്കൾക്ക്  മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ ഇനി തനിക്ക് കഴിയുമെന്നും ഇജാറുൾ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

പ്രളയം വന്നപ്പോഴും നാട്ടിൽ നിന്ന് കേരളത്തിലേക്ക് പോയവരെല്ലാം തിരികെ വന്നിരുന്നു.  പിന്നെ കാര്യങ്ങളൊക്കെ നോർമലായതോടെ തിരിച്ചു പോയി. ഇജാറുളിന് ഇനി പോകേണ്ട ആവശ്യമില്ലെല്ലോ, ജീവിതം രക്ഷപെട്ടുവെന്ന് സുഹൃത്തുക്കളും പറയുന്നു.