രാജ്യത്ത് 315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും അധികം മഹാരാഷ്ട്രയിൽ

രാജ്യത്ത് ഇതുവരെ 315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്‍റെ േവഗം ഇരട്ടിയായി. വൈറസ് ബാധ പടരുന്നത് തടയാന്‍ അവശ്യംവേണ്ട മാസ്ക്കിന്‍റെയും സാനിറ്റൈസറിന്‍റെയും പൂഴ്ത്തിവയ്പ്പ് തടയാന്‍ വില പരിമിതപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. രോഗ നിര്‍ണയത്തിന് 111 സ്വകാര്യ ലാബുകള്‍ക്കുകൂടി അനുമതി നല്‍കി. മുന്‍കരുതല്‍ നടപടിയായി രാഷ്ട്രപതിയുടെ സന്ദര്‍ശനാനുമതികള്‍ റദ്ദാക്കി.

രോഗബാധ ഏറ്റവും അധികം മഹാരാഷ്ട്രയിലാണ്. ഇതുവരെയും സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ചിലയിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ബംഗാളില്‍ ഒരാള്‍ക്കും കര്‍ണാടകയില്‍ മൂന്നുപേര്‍ക്കും രാജസ്ഥാനിലും ഗുജറാത്തിലും ആറു പേര്‍ക്കുവീതവും ഇന്ന് രോഗം കണ്ടെത്തി. രോഗബാധയുള്ള 12 പേര്‍ ഇതുവരെ വിലക്കുകള്‍ ലംഘിച്ച് ട്രെയിനുകളില്‍ യാത്ര ചെയ്തതായി റെയില്‍വേ അറിയിച്ചു. പരമാവധി ട്രെയിന്‍ യാത്രകള്‍ എല്ലാവരും ഒഴിവാക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചു. മാസ്ക്കുകളെയും സാനിറ്റെസറുകളെയും അവശ്യസാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയാണ് കേന്ദ്രസര‍്‍ക്കാര്‍ വില പരിമിതപ്പെടുത്തിയിട്ടുള്ളത്. 200 എം എല്‍ സാനിറ്റൈസറിന് പരമാവധി 100 രൂപ. അളവില്‍ വ്യത്യാസം വരുമ്പോള്‍ ആനുപാതികമായേ വിലയിടാക്കാവൂ. മൂന്ന് ലയര്‍ മാസ്ക്കിന് പരമാവധി 10 രൂപ. രണ്ട് ലയര്‍ മാസ്ക്കിന് പരമാവധി 8 രൂപ. കൂടുതല്‍ വില ഈടാക്കുന്നവര്‍ക്ക് നിയമനടപടി നേരിടേണ്ടിവരും. രാജ്യത്ത് പ്രതിദിനം ഒന്നര കോടി മാസ്ക്കുകള്‍ നിര്‍മിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് അടച്ചു. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുകൂടുന്നത് ഡല്‍ഹി സര്‍ക്കാര്‍ തടഞ്ഞു. ആവശ്യമെങ്കില്‍ രാജ്യതലസ്ഥാനം സമ്പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് ആരംഭിക്കേണ്ട സെന്‍സസ് നടപടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മാറ്റിവച്ചേക്കും. ഉസ്ബെക്കിസ്ഥാനില്‍ നിന്ന് 121 പേരെയും റോമില്‍ നിന്ന് 262 പേരെയും ഉടന്‍ നാട്ടിലെത്തിക്കും. വിദേശത്ത് നിന്നെത്തുന്നവര്‍ പതിന്നാല് ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.