മുംബൈ, പൂണെ, നാഗ്പൂർ നഗരങ്ങൾ അടച്ചിടും; കർശന നിയന്ത്രണങ്ങൾ

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കര്‍ശനനിയന്ത്രണങ്ങള്‍. രോഗവ്യാപനം തടയാന്‍ മുംബൈ, പുണെ, നാഗ്പൂര്‍ നഗരങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അവശ്യസേവനങ്ങള്‍ക്കും പൊതുഗതാഗത സംവിധാനങ്ങള്‍ക്കും ഇളവുണ്ട്. 

ഭീകരാക്രമണത്തെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച് തുറന്നിരുന്ന മുംബൈ മഹാനഗരം മഹാമാരിയെ ചെറുക്കാന്‍ താല്‍കാലികമായി അടയ്ക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഓരോ ദിവസവും കുറഞ്ഞത് മൂന്ന് പുതിയ വൈറസ് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുകയും ജനത്തിരക്ക് തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുംബൈ, പുണെ, നാഗ്‍പൂര്‍ നഗരങ്ങളില്‍ ഈമാസം 31വരെ അടയ്ക്കുന്നത്. പച്ചക്കറി, പലചരക്ക്, പാല്‍, ബാങ്ക്, മെഡിക്കല്‍ ഷോപ്പുകള്‍ എന്നീ അവശ്യസര്‍വീസുകള്‍ക്ക് ഇളവനുവദിച്ചു. സ്വകാര്യ ഓഫിസുകള്‍ നിര്‍ബന്ധമായും 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഒരുക്കണം.

പൊതുഗതാഗത സംവിധാനങ്ങള്‍ക്കും വിലക്കില്ല. പക്ഷെ ജനത്തിരക്ക് കുറയുന്നതോടെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയേക്കും. സംസ്ഥാനത്ത് ഇന്നും മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 52 ആയി.