വിജയ് നേരിട്ട് ഹാജരാകില്ല; ഒാഡിറ്റർ ഹാജരായി വിശദീകരണം നൽകി

ആദായ നികുതി വകുപ്പിനു മുമ്പാകെ തമിഴ്നടന്‍ വിജയ് നേരിട്ടു ഹാജരാകാനുള്ള സാധ്യത മങ്ങി. കൂടുതല്‍ സമയം  ആവശ്യപ്പെട്ടു കത്തുനല്‍കിയതിനു പിന്നാലെ വിജയ്‌യുടെ ഓഡിറ്റര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കി. മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന് കാണിച്ചു കഴിഞ്ഞ തിങ്കളാഴ്ചയാണ്  ആദായ നികുതി വകുപ്പ് വിജയ്ക്കു നോട്ടീസ് നല്‍കിയത്.

ചെന്നൈ പനയൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ സംബന്ധിച്ചു വിശദീകരണത്തിനുവേണ്ടിയാണ്  വിജയിനോടു നേരിട്ടു ഹാജരാകാന്‍  നിര്‍ദേശിച്ചു ആദായ നികുതി വകുപ്പ് സമന്‍സ് അയച്ചത്. മൂന്നു ദിവസത്തിനകം ഹാജരാകണമെന്നായിരുന്നു തിങ്കളാഴ്ച  നല്‍കിയ നോട്ടീസിലെ ആവശ്യം.എന്നാല്‍ സിനിമ ചിത്രീകരണം നടക്കുന്നതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു വിജയ്  കത്തു നല്‍കി.  ചിത്രീകരണം അവസാനിപ്പിച്ചതിന്റെ ഭാഗമായി കാരവാന് മുകളില്‍ കയറി  ആരാധകര്‍ക്കൊപ്പമുള്ള  സെല്‍ഫി അന്നു വൈകീട്ട് താരം ടിറ്റ്വറില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് വിജയിനിന്റെ ഓഡിറ്റര്‍മാര്‍ ചെന്നൈ നുങ്കംപാക്കത്തെ ആദായ നികുതി  ഓഫീസിലെത്തി  വിശദീകരണം നല്‍കിയത്. സിനിമയിലെ പണമിടപാടുകാരന്‍ അന്‍പുചേഴിന്റെ ഓഡിറ്ററും ബിഗില്‍ നിര്‍മാതാക്കളായ എ.ജി.എസ് സിനിമാസിന്റെ സി.ഇ.ഒ  അര്‍ച്ചന കല്‍പാത്തിയും  ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായി. 

അന്‍പുചേഴിയന്റെ ഓഡിറ്റര്‍ പിഴയടക്കാന്‍ സന്നദ്ധമാണെന്നു ഉദ്യോഗസ്ഥരെ  അറിയിച്ചതായാണ് വിവരം. അന്‍പുചേിഴിന്റെ വീട്ടിലും ഓഫീസിലും നടന്ന റെയ്ഡില്‍ 77 കോടിയുടെ കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തിരുന്നു. ഓഡിറ്റര്‍മാര്‍ നല്‍കിയ വിശദീകരണം പരിശോധിച്ച്, തൃപ്തികരമല്ലെങ്കില്‍ മാത്രമേ വിജയിനെ വീണ്ടും വിളിപ്പിക്കൂവെന്നാണ് ആദായ നികുതി വകുപ്പുമായി ബന്ധപെട്ടവര്‍ പറയുന്നത്.