കൊറോണ ബാധിച്ചെന്ന് സംശയം; ഗ്രാമത്തെ രക്ഷിക്കാൻ 54കാരൻ ജീവനൊടുക്കി

കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടർന്ന് 54കാരൻ ജീവനൊടുക്കി. വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന് ഇയാൾ നിഗമനത്തിലെത്തിയത്. ഗ്രാമത്തിലെ മറ്റാരിലേക്കും രോഗം പടരാതിരിക്കാനാണ് ഇയാൾ ജീവനൊടുക്കിയത്. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലാണ് സംഭവം. 

ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പരിശോധനകൾക്കൊടുവിൽ ഇയാൾക്ക് കൊറോണ ഇല്ലെന്ന് തെളിഞ്ഞു. ഇത് ഡോക്ടർമാർ ആവർത്തിച്ച് പറ‍ഞ്ഞെങ്കിലും ഇയാൾ വിശ്വസിച്ചില്ല. 

ആരും തന്‍റെയടുത്തേക്ക് വരരുതെന്നും ഇയാള്‍ ഗ്രാമീണര്‍ക്കും വീട്ടുകാർക്കും നിര്‍ദേശം നല്‍കിയിരുന്നു. രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാള്‍ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകന്‍ പറഞ്ഞു. 

അതേസമയം ചൈനയില്‍ കൊറോണ മരണസംഖ്യ ഉയരുക തന്നെയാണ്.  മരണം ആയിരത്തി ഒരുന്നൂറ്റി പത്തായി. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല്‍പ്പത്തിനാലായിരം പിന്നിട്ടു. കൊറോണ ചര്‍ച്ച ചെയ്യാന്‍ ജനീവയില്‍ 400 ഗവേഷകരുടെ ദ്വിദിന സമ്മേളനം ആരംഭിച്ചു. 

  

ഒരു തീവ്രവാദിയാക്രമണത്തേക്കാള്‍ അതിവഭീകരമെന്നാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ വിശേഷിപ്പിച്ചത്. കൊറോണ വൈറസിനെ ലോകം ഒന്നാംനമ്പര്‍ ശത്രുവായി കണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ലോകാകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു. ഒന്നര വര്‍ഷത്തിനകം പുതിയ കൊറോണ വൈറസിനെ നേരിടാനുളള വാക്സിന്‍ ലഭ്യമാകുമെന്നും ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. ഏപ്രില്‍ മാസത്തോടെ മാത്രമെ പൂര്‍ണമായി കൊറോണ വ്യാപനം തടയാന്‍ ആവുകയുള്ളൂവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഹുബയ് പ്രവിശ്യയില്‍ മാത്രം പുതിയതായി 1,638 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.