‘ഓസ്കർ’ പ്രഖ്യാപിച്ച് കോണ്‍ഗ്രസും; ജേതാക്കള്‍ മോദിയും അമിത്ഷായും; അവാര്‍ഡുകള്‍ ഇങ്ങനെ

ലോകം ഓസ്കർ വേദിയിലെ ചരിത്ര നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ ഇവിടെ മറ്റൊരു പുരസ്കാരം നൽകി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മികച്ച കോമ‍ഡി നടൻ, ആക്ഷൻ റോൾ ചെയ്ത മികച്ച നടൻ തുടങ്ങിയവയാണ് പുരസ്കാരങ്ങൾ. അവാർഡ് നേടിയത് ബിജെപി നേതാക്കളാണ്.

കോൺഗ്രസ് പാർട്ടിയുടെ ട്വിറ്റർ പേജിലൂടെയാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ആക്ഷൻ നടനായി തിരഞ്ഞെടുത്തത് മറ്റാരെയുമല്ല, പ്രധാന മന്ത്രി നരേന്ദ്രമോദിയെ തന്നെയാണ്. പ്രഞ്ജ ഠാക്കൂറും യോഗി ആദിത്യനാഥുമായിരുന്നു മറ്റ് നോമിനികൾ. മികച്ച വില്ലനായി നാമനിർദേശം ചെയ്യപ്പെട്ടവർ യോഗി ആദിത്യനാഥ്, അനുരാഗ് ഠാക്കൂർ, അമിത് ഷാ എന്നിവരായിരുന്നു. അവാർഡ് ലഭിച്ചത് അമിത് ഷായ്ക്ക്. 

മികച്ച ഹാസ്യ നടനായി തിരഞ്ഞെടുത്തത് മന്ത്രി മനോജ് തിവാരിയെയാണ്. നിർമല സീതാരാമനെയും പിയുഷ് ഗോയലിനെയും പിന്തള്ളിയാണ് മനോജ് തിവാരിക്ക് അവാർഡ് നല്‍കിയത് എന്നാണ് ട്വീറ്റ്. ഒപ്പം തിവാരി യോഗ ചെയ്യുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച നാടകീയ നടനായി തിരഞ്ഞെടുത്തത്ത ബിജെപി നേതാവിനെയല്ല, മറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയാണ്. മികച്ച സഹനടനായി തിരഞ്ഞെടുത്തത് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ ആണ്.  എന്തായാലും കോൺഗ്രസ് പ്രഖ്യാപിച്ച ഓസ്കർ അവാർഡുകൾ ട്വിറ്ററിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.