'രണ്ട് കുട്ടികളിൽ കൂടുതലുള്ളവരുടെ വോട്ടവകാശം എടുത്തുകളയണം': വിവാദം

പൗരത്വ പ്രതിഷേധങ്ങളെ കടന്നാക്രമിക്കുന്നതിനിടെ മറ്റൊരു വിഷയത്തിൽ വിവാദ പരാമർശവുമായി ബാബ രാംദേവ് രംഗത്ത്. രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവരെ സർക്കാർ ശിക്ഷിക്കണം. മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നൽകരുത്. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരുടെ വോട്ടവകാശം എടുത്തുകളയണമെന്നും രാംദേവ് വാദിക്കുന്നു. ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ഒരു നിയമം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുന്നതിനിടെയായിരുന്നു ഈ വിവാദ പരാമർശം.

രാജ്യമെമ്പാടും പല വിഷയത്തിൽ ഉൗന്നി പ്രതിഷേധങ്ങൾ ആളിപ്പടരുന്നതിനിടയിലാണ് ബാബ രാംദേവിന്റെ വിദ്വേഷ പരാമർശം. വിവാദങ്ങള്‍ക്കൊപ്പം മാത്രം കേട്ട പേരാണ് ബാബ രാംദേവിന്റേത് അതുകൊണ്ട് തന്നെ ഇത്തരം പ്രസ്താവനകൾ പുതുമയല്ലെന്ന് നിരീക്ഷകർ പറയുന്നു. പൗരത്വ പ്രതിഷേധങ്ങൾ അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ പ്രതിച്​ഛായ തകർക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജെഎൻയുവിലെ പ്രതിഷേധങ്ങളെ കടന്നാക്രമിക്കാനും രാംദേവ് മറന്നില്ല. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന രാംദേവ് പരിഹസിച്ചു.