മോദിയും ബിജെപിയും ഇന്ത്യന്‍ ജനാധിപത്യത്തെ അപകടത്തിലാക്കുന്നു; വിമര്‍ശിച്ച് ‘എക്കണോമിസ്റ്റ്’

മുള്ളുവേലിക്ക് മുകളിൽ വിരിഞ്ഞ് നിൽക്കുകയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം താമര. മാഗസിന്റെ കവർ ഫോട്ടോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വലിയ വിവാദങ്ങൾക്ക് കൂടി വഴിയിട്ടിരിക്കുകയാണ് ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്ന 'ദി എക്കോണമിസ്റ്റ്' മാസിക. ‘അസഹിഷ്ണുത നിറഞ്ഞ ഇന്ത്യ’(Intolerant India) എന്ന തലക്കെട്ടാണ് മാസിക നൽകിയത്. ഇതിെനാപ്പമുള്ള മുഖപ്രസംഗത്തിൽ ബിജെപി നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. പൗരത്വ ഭേദഗതി നിയമം മുൻനിർത്തിയാണ് ലേഖനം. 

‘ഇന്ത്യൻ പ്രധാനമന്ത്രിയും, അദ്ദേഹത്തിന്റെ പാർട്ടിയും കൂടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയെ എങ്ങനെയാണ് അപകടത്തിലാക്കുന്നത് എന്നറിയാൻ, വായിക്കുക ഈയാഴ്ചത്തെ ഞങ്ങളുടെ മുഖപ്രസംഗം’ ചിത്രം പങ്കുവച്ച് ദി എക്കോണമിസ്റ്റ് മാസിക അവരുടെ ട്വിറ്റർ പേജിൽ കുറിച്ചു. നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിനുള്ളിലെ വിഭാഗീയ ചിന്തകൾ ആളിക്കത്തിക്കുന്നുവെന്നും മോദിയുടെ നയങ്ങൾ ഇന്ത്യയിലെ 20 കോടി മുസ്​ലിംകളുടെ മനസിൽ  അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുെവന്നും മുഖപ്രസംഗത്തിൽ എഴുതിയിട്ടുണ്ട്.

ഇതോടെ ശക്തമായി എതിർത്ത് ബിജെപി നേതൃത്വവും രംഗത്തെത്തി. ‘ബ്രിട്ടീഷുകാർ 1947 -ൽ ഇന്ത്യ  വിട്ടെന്നാണ് നമ്മൾ കരുതിയിരുന്നത്. എന്നാൽ 'ദി എക്കണോമിസ്റ്റ്'-ന്റെ എഡിറ്റർമാർ ഇപ്പോഴും അവർ കൊളോണിയൽ കാലത്താണ് എന്ന് ധരിച്ചുവച്ചിരിക്കുന്നത്. നരേന്ദ്രമോദിക്ക് വോട്ടുനൽകരുത്‌ എന്ന അവരുടെ പരസ്യ നിർദേശം പാലിക്കാതെ ഇന്ത്യയിലെ അറുപതുകോടി വോട്ടർമാർ അദ്ദേഹത്തെ പിന്തുണച്ചതിൽ അവർക്ക് ഇച്ഛാഭംഗമുണ്ട്. അതാണ് ഈ ലേഖനത്തിലൂടെ പ്രകടമാകുന്നത് ’ ബിജെപി വക്താവ് ഡോ.വിജയ് ചൗതായിവാലെ ട്വീറ്ററിൽ കുറിച്ചു.