മോദിയുടെ പൗരത്വരേഖ തേടി അപേക്ഷ; കിട്ടിയാല്‍ രേഖ സൂക്ഷിക്കാമല്ലോ: അപേക്ഷകന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടാകെ പ്രതിഷേധം ഉയരുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വരേഖ ചോദിച്ച് വിവരവകാശ അപേക്ഷ. ചാലക്കുടി വി.ആര്‍പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണ് അപേക്ഷ നല്‍കിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 13നാണ് ചാലക്കുടി മുനിസിപ്പാലിറ്റിയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.

രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യന്‍ പൗരനെന്ന തെളിയിക്കുന്ന ആധികാരിക രേഖകള്‍ വിവരവകാശ നിയമ പ്രകാരം അനുവദിച്ച് നല്‍കണമെന്നാണ് അപേക്ഷ. ജോഷിയുടെ അപേക്ഷ ഡൽഹിയിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസിലേക്ക് അയച്ചതായി മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മോദിയുടെ പൗരത്വ രേഖ ലഭിച്ചാല്‍ അതുപ്രകാരം ജനങ്ങള്‍ക്കും രേഖ സൂക്ഷിച്ചാല്‍ മതിയല്ലോയെന്ന് ആം ആദ്മി പ്രവര്‍ത്തകന്‍ കൂടിയായ ജോഷി ചോദിക്കുന്നു.

എന്റെ അപേക്ഷ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. പൗരത്വ നിയമത്തില്‍ ആശങ്കയിലായിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വേണ്ടിയാണെന്നും ജോഷി പറയുന്നു. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദം കൊടുമ്പിരി കൊള്ളുമ്പോഴാണ് പൗരത്വം ചോദിച്ചുള്ള അപേക്ഷ എത്തുന്നത്.