10 ഉമ്മമാര്‍ കൊളുത്തിയത്; ഇന്ന് ആളുന്ന ‘പൗരത്വസമരം’: ഷഹീന്‍ ബാഗിലെ ചരിത്രം: വിഡിയോ

ഡിസംബര്‍ പതിനഞ്ച് രാത്രി പത്തുമണി... ജാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പത്ത് ഉമ്മമാരാണ് ഷഹീന്‍ബാഗിലെ ചരിത്രപോരാട്ടത്തിന് തുടക്കമിട്ടത്. ഇന്ന് അത് പതിനായിരങ്ങള്‍ സമ്മേളിക്കുന്ന പൗരത്വനിയമത്തിനെതിരായ രാജ്യത്തെ ഏറ്റവും വലിയ സമരകേന്ദ്രമാണ്. 

ഡല്‍ഹിയെയും നോയ്ഡയെയും ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ പ്രധാനപ്പെട്ട ലിങ്ക് റോഡിലാണ് ഉപരോധം. റോഡിനോട് ചേര്‍ന്നുള്ള ബ്രാന്‍ഡ്ഡ് കമ്പനികളുടെ നേരിട്ടുള്ള ഔട്ട്‍ലെട്ടുകളും സമരാവേശത്തിന് മുന്നില്‍ കീഴടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം അക്രമാസക്തമായപ്പോള്‍ ഉമ്മമാരുടെ സമാധാനപൂര്‍വമായ സമരം കണ്ട് പൊലീസിന് പോലും നൂറടി അകലത്തില്‍ നിലയുറപ്പിക്കേണ്ടിവന്നു. 

നൂറ്റിപതിനെട്ട് വര്‍ഷത്തെ ഏറ്റവും കടുത്ത തണുപ്പ് ഡല്‍ഹിയെ പുതച്ചപ്പോഴും സമരക്കാര്‍ വിറച്ചില്ല. അവരുടെ സമരച്ചൂടിന് മുന്നില്‍ കൊടും ശൈത്യത്തിന് പോലും പിടിച്ചുനില്‍ക്കാനായില്ലെന്നതാണ് സത്യം.

സമരത്തിന് പിന്തുണയുമായി നിരവധി രാഷ്ട്രീയനേതാക്കള്‍ എത്തുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രിയം കുഞ്ഞുനേതാക്കളെയാണ്. 

അഞ്ച് ദിവസം പ്രായമുള്ളപ്പോള്‍ ഉമ്മയോട് മാറോട് ചേര്‍ന്ന് സമരപ്പന്തലിലെത്തിയ കുഞ്ഞുഹബീബയ്‍ക്ക് ഇന്ന് പ്രായം 37 ദിവസം. എന്തുകൊണ്ടാണ് സമരപ്പന്തലിലേക്ക് എത്തിയത് എന്ന ചോദ്യത്തിന് ഹബീബയുടെ ഉമ്മ രഹ്നയ്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്.

എണ്‍പത് വയസിനോടുടുക്കുന്ന ഉമ്മൂമ്മയ്‍ക്കും പറയാനുണ്ട് ചിലത്.

റോഡില്‍ ചിത്രങ്ങളായും പ്രതിഷേധം വിരിയുന്നുണ്ട്. ഇന്ത്യാഗേറ്റിന്റെ മാതൃകയില്‍ പൗരത്വനിയമത്തിനെതിരായ പോരാട്ടത്തില്‍ മരിച്ചവരുടെ പേരുകള്‍ എഴുതിവച്ച് അവര്‍ക്ക് മരണാനന്തരവും ജീവന്‍ നല്‍കിയിട്ടുണ്ട്. കരിനിയമത്തിന്റെ മുന്നറിയിപ്പുമായി ഡിറ്റഷന്‍സെന്ററിന്റെ മാതൃകയും. 

വൈദ്യസഹായം ഉറപ്പാക്കാന്‍ എയിംസിലെ ഡോക്ടര്‍മാര്‍ സ്വയംസന്നദ്ധരായുണ്ട്. ഉപരോധം അവസാനിപ്പിക്കാന്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി ഇടപെട്ടിട്ടില്ല. സമരം അവസാനിപ്പിക്കാന്‍ പൊലീസ് എല്ലാ മാര്‍ഗവും നോക്കുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയ സമരത്തിന് ഓരോ ദിവസം പിന്നിടുന്തോറും ജനപിന്തുണ കൂടിവരികയാണ്. ഇവിടെ നിന്നുയരുന്ന ജ്വാല അണയ‍്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഉമ്മമാര്‍ അത് കെടാതെ കാത്തുസൂക്ഷിക്കുകയാണ്. വിഡിയോ കാണാം.