രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യുമെന്ന് ബനാറസ് സർവകലാശാല; പ്രതിഷേധം

രാജീവ് ഗാന്ധിയുെടെ പേര് ബനാറസ് സർവകലാശാലയിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബനാറസ് ഹിന്ദു സർവകലാശാലയ്ക്ക് രാജീവ് ഗാന്ധി ഒരു സംഭാവനയും നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഈ തീരുമാനമെടുത്തത്. 

സർവകലാശാല ക്യാംപസിലെ സൗത്ത് ബ്ലോക്കാണ് രാജീവ് ഗാന്ധി ബ്ലോക്കെന്ന പേരിൽ അറിയപ്പെടുന്നത്. ഡൽഹി സർവകലാശാലയിലും നോർത്ത്–സൗത്ത് ബ്ലോക്കുകളുണ്ടെന്നും എന്നാൽ ഇവിടെ മാത്രം പേരുള്ളത് അഭംഗിയാണെന്നുമാണ് ബിഎച്ച്​യു കോർട്ടിന്റെ വാദം.

2006 ൽ അന്നത്തെ മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന അർജുൻ സിങാണ് സൗത്ത് ബ്ലോക്കിന് രാജീവ് ഗാന്ധിയുടെ പേരിട്ടത്.

സർവകലാശാല അധികൃതരുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഉൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്. നഖശിഖാന്തം തീരുമാനത്തെ എതിർക്കുമെന്നും കേന്ദ്രസർക്കാർ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വിസിയും രജിസ്ട്രാറുമുൾപ്പടെ പങ്കെടുത്ത യോഗമാണ് വിവാദ തീരുമാനം കൈക്കൊണ്ടത്.