ഇന്ത്യയുടെ 47 ാമത് ചീഫ്ജസ്റ്റിസായി ജസ്റ്റിസ് എസ്.എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ നാല്‍പത്തിയേഴാമത് ചീഫ്ജസ്റ്റിസായി ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.  

രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായ ചടങ്ങ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞ് ശരദ് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47ാമത് ചീഫ്ജസ്റ്റിസായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പത്ത് മണിയോടെ സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലെത്തി ചുമതലകള്‍ ഏറ്റെടുത്തു. ജഡ്ജിമാരുമായും കോടതി ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ശേഷം ഒന്നാം നമ്പര്‍ കോടതിയിലേക്ക്.   1956 എപ്രില്‍ 24ന് നാഗ്പൂരിലെ അഭിഭാഷക കുടുംബത്തിലായിരുന്നു ചീഫ്ജസ്റ്റിസ് ബോബ്ഡെയുടെ ജനനം. 

 1978ല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ പ്രാക്ടീസ് ആരംഭിച്ചു.  2000 മാര്‍ച്ച് 29ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി . മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2013 ഏപ്രില്‍ 12ന് സുപ്രീംകോടതി ജഡ്ജിയായി. അയോധ്യകേസിലെ വിധി പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു. അയോധ്യ ഭൂമിതര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ സമിതി രൂപീകരിച്ചത് ജസ്റ്റിസ് ബോബ്ഡെയുടെ നിര്‍ദേശപ്രകാരമായിരുന്നു. 2018 ജനുവരിയില്‍ മുന്‍ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്തസമ്മേളനം നടത്തിയപ്പോള്‍ പ്രശ്നപരിഹാരത്തിനായി മുന്നിട്ടറിങ്ങിയതും അദ്ദേഹമായിരുന്നു. ശബരിമല യുവതി പ്രവേശ വിഷയത്തിലെ വിശാല ബെഞ്ചിന് രൂപം നല്‍കേണ്ട ചുമതലയാണ് ചീഫ് ജസ്റ്റിസെന്ന നിലയില്‍ ജസ്റ്റിസ് ബോബ്ഡെയ്ക്ക് പ്രധാനമായി ഉള്ളത്.