ശിശുദിനത്തിൽ തിളച്ച സാമ്പാറിൽ വീണ് കുട്ടി മരിച്ചു; പ്രതിഷേധം

ശിശുദിനാഘോഷത്തിനിടെ നഴ്സറി സ്കൂൾ വിദ്യാർഥി തിളച്ച സാമ്പാറിൽ വീണു മരിച്ചു. ആന്ധ്രാപ്രദേശിലെ തിപ്പയിപ്പിള്ള ഗ്രാമത്തിലാണ് സംഭവം. ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ പുരുഷോത്തം റെഡ്ഡിയെന്ന ആറുവയസുകാരനാണ് മരിച്ചത്. സ്കൂളിലെ ശിശുദിന ആഘോഷങ്ങൾക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഓടിയെത്തുന്നതിനിടെയാണ് കുട്ടി കാൽതെറ്റി സാമ്പാർ വച്ചിരുന്ന വലിയ ചെമ്പിലേക്ക് വീണത്.

 ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ഭക്ഷണം വിളമ്പി നൽകുന്നതിനായി കുട്ടികളെ വരിയായി നിർത്തിയിരിക്കുകയായിരുന്നുവെന്നും വരിതെറ്റിച്ച് ഓടിക്കയറിയ കുട്ടിയാണ് അപകടത്തിൽപ്പെട്ടതെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഈ വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്.  സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.