രാജ്യം അയോധ്യ വിധിക്ക് കാതോർത്തു; മോദി ബാബ നാനാക്ക് ഗുരുദ്വാരയിൽ; ചിത്രങ്ങൾ

അയോധ്യ കേസിൽ സുപ്രീംകോടതി വിധി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാ‌സ്‌പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിൽ. കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങൾ പുറത്തുവന്നു. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ‌് പ്രധാനമന്ത്രി ഗുരുദാ‌സ്‌പൂരിലെത്തിയത്. ഗുരുദാ‌സ്‌പൂര്‍ എം പി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നാണ് കര്‍താപൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നത്. ഇടനാഴിയുടെ ഉദ്ഘാടനം ഇന്ത്യയില്‍ നരേന്ദ്ര മോദിയും പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനുമാണ് നടത്തുന്നത്. അഞ്ഞൂറിലധികം പേരടങ്ങുന്ന ആദ്യ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിന് മോദി ഫ്ലാഗ് ഓഫ് ചെയ്യും. കര്‍താപൂര്‍ ഇടനാഴിക്ക് 4.5 കി.മി നീളമാണുള്ളത്. 

നൂറ്റാണ്ടുകളുടെ നിയമപോരാട്ടത്തിനാണ് ഇന്ന് സുപ്രീംകോടതി വിധി പറഞ്ഞത്. രാജ്യം ജാഗ്രതയോടെ കാത്തിരുന്ന വിധി പറഞ്ഞതിൽ പോലും സുപ്രീംകോടതി സ്വീകരിച്ച നിലപാടും ഏറെ ശ്രദ്ധേയാണ്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുള്ള അയോധ്യ കേസിൽ തർക്കഭൂമിയില്‍ ക്ഷേത്രം പണിയാം. പകരം തർക്കഭൂമിക്കു പുറത്ത് മുസ്‌ലിംകൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകാനുമാണ് സുപ്രീംകോടതിയുടെ വിധി.തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല.