‘അയോധ്യ പ്രക്ഷോഭ മാതൃകയിൽ കാശി,മഥുര വിഷയങ്ങളിൽ ജനകീയ പ്രക്ഷോഭത്തിനില്ല’; ആര്‍എസ്എസ്

അയോധ്യ രാമജന്മ ഭൂമി പ്രക്ഷോഭ മാതൃകയിൽ കാശി,മഥുര വിഷയങ്ങളിൽ ജനകീയ പ്രക്ഷോഭത്തിനില്ലെന്ന് ആർഎസ്എസ്. ഭരണഘടനയിലെ  ന്യൂനപക്ഷമെന്ന ആശയത്തില്‍ പുനരാലോചന വേണമെന്നും നിലപാട്. ആർഎസ്എസിന്റെ സംഘടനപ്രവർത്തനം ശക്തമാക്കാൻ കേരളത്തെ രണ്ട് പ്രാന്തങ്ങളാക്കി തിരിച്ചു.

കാശി ഗ്യാൻവ്യാപി തർക്കവും മഥുര കൃഷ്ണജന്മഭൂമി തർക്കവും കോടതിയുടെ പരിഗണനയിലാണെന്നും അയോധ്യ മാതൃകയിൽ ജനകീയപ്രക്ഷോഭത്തിന് സംഘപരിവാറില്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെ പറഞ്ഞു. ഇലക്ട്രൽ ബോണ്ട് പെട്ടെന്ന് ഒരു ദിവസം നടപ്പാക്കിയതല്ല. അതൊരു പരീക്ഷണമായിരുന്നു. പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്ന് ഹൊസബല്ലെ കൂട്ടിച്ചേർത്തു. ഭരണഘടനയിൽ പറയുന്ന ന്യൂനപക്ഷമെന്ന ആശയത്തിൽ പുന:രാലോചന വേണം. ഒരു വിഭാഗത്തെ ന്യൂനപക്ഷമെന്ന് വിളിക്കുന്നത് സമൂഹത്തിൽ വിഭജനമുണ്ടാക്കും. രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ന്യൂനപക്ഷ രാഷ്ട്രീയമെന്ന പ്രത്യേക ചേരിതിരിവിനെ ആർഎസ്എസ് എതിർക്കുന്നുവെന്നും ഹൊസബല്ലെ പറഞ്ഞു. നാഗ്പുരിൽ ചേരുന്ന ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ഹൊസബല്ലെയെ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. 2027വരെയാണ് കാലാവധി. ദേശീയ നേതൃത്വത്തിൽ മലയാളിയെത്തി. ഒ.കെ മോഹനെ അഖില ഭാരതീയ സഹ ശാരീരിക് പ്രമുഖ് ആയി തിരഞ്ഞെടുത്തു. കേരളത്തെ ദക്ഷിണ, ഉത്തര പ്രാന്തങ്ങളാക്കി തിരിച്ചു. 1529 പ്രതിനിധികളാണ് പ്രതിനിധി സഭയിൽ പങ്കെടുക്കുന്നത്.