പ്രാണപ്രതിഷ്ഠാദിനത്തില്‍ ജനനം ; കുഞ്ഞിന് റാം റഹീം എന്ന് പേര് നല്‍കി മുസ്ലീം കുടുംബം

അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന തിങ്കളാഴ്ച  പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ഒട്ടേറെ പേരാണ് ആവശ്യപ്പെട്ടത്. രാവിലെ 11.45നും 12.45നും ഇടയ്ക്കുള്ള ‘അഭിജിത് മുഹൂർത്തം’ നോക്കി പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളിൽ ഏറെപേർക്കും ലഭിച്ചത് രാമൻ, സീത തുടങ്ങിയ പേരുകളാണ്.  ഉത്തർ പ്രദേശിലെ ഫിറോസാബാദ് ജില്ലാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ജന്മം നൽകിയ കുഞ്ഞിന് മുത്തശ്ശി ഹസ്ന ബാനു നൽകിയത് റാം റഹിം എന്ന പേരാണ്.  ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് കുഞ്ഞിന് ഈ പേരിട്ടതെന്ന് കുടുംബം പറഞ്ഞു.