കനത്ത മഞ്ഞുവീഴ്ച; ശ്രീനഗറിൽ ജനജീവിതം ദുസ്സഹം

കശ്മീരില്‍ കനത്ത മ‍‍ഞ്ഞുവീഴ്ച തുടരുന്നു. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. ശ്രീനഗറിലേക്കുള്ള പ്രധാന പാതകളിലെല്ലാം ഗതാഗതം നിര്‍ത്തലാക്കിയിരിക്കുകയാണ്. രണ്ട് വിമാനങ്ങളും റദ്ദാക്കി. ഹിമാചല്‍ പ്രദേശിലെ കുളു, മണാലി മേഖലകളിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്.

ഈ ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞു വീഴ്ചയാണ് കശ്മീര്‍ താഴ്‌വരയെ വെള്ളയില്‍ മൂടി തുടരുന്നത്. ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് പോലുള്ള ഉര്‍ന്ന പ്രദേശങ്ങളില്‍ ഇന്നലെ ആരംഭിച്ച മഞ്ഞുപെയ്ത്ത് ഇന്ന് ശ്രീനഗര്‍ ഉള്‍പ്പെടേയുള്ള പ്രദേശങ്ങളിലേക്കെത്തി. നിരത്തുകളിലെല്ലാം മഞ്ഞ് നിറഞ്ഞതോടെ ജനങ്ങള്‍ പുറത്തിറങ്ങാതായി. ശ്രീനഗറില്‍ നിന്നും ലേയിലേക്കുള്ള ദേശീയ പാത അടച്ചിട്ടു. ശ്രീനഗറില്‍ നിന്ന് താഴ‌്‌വരയിലെ മറ്റ് പ്രദേശങ്ങളിലേക്കുള്ള പാതകളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ജമ്മുവില്‍ നിന്ന് രജൗരി, ഷോപ്പിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതവും മുടങ്ങിയിരിക്കുകയാണ്.

ശ്രീനഗര്‍–ജമ്മു ദേശീയ പാതയില്‍ ഭാഗികമായി ഗതാഗതം നടക്കുന്നുണ്ടെന്നാണ് വിവരം. ശ്രീനഗറില്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. അടുത്ത മൂന്നുദിവസം കൂടി മഞ്ഞുപെയ്ത്ത് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. നവംബര്‍ ആദ്യവാരം തന്നെ ഇത്രയും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുന്നത് ഈ വര്‍ഷത്തെ ശൈത്യം കഠിനമായിരിക്കുമെന്നതിന്‍റെ സൂചനകൂടിയായാണ് കാണുന്നത്.  ഹിമാചല്‍ പ്രദേശിലെ കുളു, മണാലി മേഖലകളിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. ഇവിടെയും നിരവധി പാതകള്‍ അടച്ചിട്ടു.