അയോധ്യയില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാൻ ആവശ്യം; പ്രകോപനപരമായ പ്രസ്താവനകള്‍ പാടില്ല

രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ,അയോധ്യയില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് മുസ്‍ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസ്താവനകള്‍ പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി നേതൃയോഗം ഉടന്‍ ചേരും. വിവിധ മുസ്‍ലിം നേതാക്കളുമായി ആര്‍എസ്എസ് രഹസ്യചര്‍ച്ച നടത്തി.  

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഈ മാസം 17ന് വിരമിക്കും. അതിന് മുന്‍പ് അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി പറയും. അയോധ്യയില്‍ മുസ്‍ലിംങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ജമായത്ത് ഉലെമ ഹിന്ദിന്‍റെ നേതൃത്വത്തില്‍ മുസ്‍ലിം സംഘടന നേതാക്കള്‍ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റിനെയും പൊലീസ് മേധാവികളെയും കണ്ടു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ ഝാ അറിയിച്ചു. പ്രകോപനപരമായ പ്രസ്താവനകള്‍ പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്യാസിമാരുമായി ആദിത്യനാഥ് അയോധ്യയില്‍വച്ച് ചര്‍ച്ച നടത്തി. വിധി എന്തായാലും തുറന്ന മനസോടെ സ്വീകരിക്കണമെന്നും പ്രകോപനം പാടില്ലെന്നും ആര്‍എസ്എസ് നിലപാടെടുത്തിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കളായ കൃഷ്ണ ഗോപാല്‍, ഇന്ദ്രേഷ് കുമാര്‍, രാംലാല്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി, മുന്‍കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍ എന്നിവരാണ് വിവിധ മുസ്‍ലിം സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയത്. രാജ്യത്ത് നൂറ് ഇടങ്ങളില്‍ സൗഹാര്‍ദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിതി നിരീക്ഷിച്ചുവരികയാണ്.