മുൻപ് 900 രൂപമാത്രം; ഇന്ന് ചതുരശ്ര അടിക്ക് അയോധ്യയിൽ പൊന്നുംവില; റിപ്പോർട്ട്

രാമക്ഷേത്രശിലാസ്ഥാപനം കഴിഞ്ഞതോടെ അയോധ്യയിൽ ഭൂമിക്ക് പൊന്നുംവില. വിവാദങ്ങളുടെ കാലത്ത് 900 രൂപവരെ മാത്രം വില കിട്ടിയിരുന്ന സ്ഥലത്ത് ഇപ്പോൾ 30 മുതൽ 40 ശതമാനം വരെ വിലയാണ് വർധിച്ചത്. ലോകത്തിലെ തന്നെ വലിയ ക്ഷേത്രങ്ങളിൽ ഒന്ന് ഉയർന്നു തുടങ്ങിയതും ഇതിനോടുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതുമാണ് ഭൂമി വില ഉയരാൻ കാരണം. 

ചതുരശ്ര അടിക്ക് 2000 മുതല്‍ 3000  വരെയാണ് ഇപ്പോൾ വില വർധിച്ചിരിക്കുന്നത്. മുൻപ് ഇത് 900 മാത്രമായിരുന്നു. അയോധ്യയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന പ്രഖ്യാപനവും വന്നതോടെ അയോധ്യ രാജ്യത്തെ പ്രധാന ഇടങ്ങളിൽ ഒന്നായി മാറുകയാണ്. ഇന്ത്യയുടെ വത്തിക്കാനായി അയോധ്യയെ മാറ്റുമെന്നാണ് യോഗി സർക്കാരിന്റെ പ്രഖ്യാപനം. ഇതോടെ രാജ്യത്തെ മറ്റിടങ്ങളിൽ നിന്നുള്ളവരും അയോധ്യയിൽ ഭൂമി വാങ്ങാൻ എത്തുകയാണ്. 

അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു.  40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത്.