നജീബ് എവിടെ?; മകന് വേണ്ടിയുള്ള പോരാട്ടത്തിന് മൂന്ന് വയസ്സ്

ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് മൂന്ന് വര്‍ഷം. ഡല്‍ഹി പൊലീസും സിബിഐയും കേസന്വേഷണം അവസാനിപ്പിച്ചിട്ടും നജീബിന്റെ കുടുംബം ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മകനെ കണ്ടെത്തുന്നത് വരെ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് മനോരമ ന്യൂസിനോട് പറഞ്ഞു. 

മകന് നീതി ലഭിക്കാനായി പോരാടിയ ഒരു അച്ഛനെ ഈച്ചരവാര്യറിലൂടെ മലയാളികള്‍ കണ്ടതാണ്. എന്നാല്‍ മകന് വേണ്ടിയുള്ള ഒരു ഉമ്മയുടെ പോരാട്ടമാണ് ഫാത്തിമ നഫീസിലൂടെ രാജ്യം കാണുന്നത്. ആ പോരാട്ടത്തിന് മൂന്ന് വയസ്സ്. എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായിതിന് പിന്നാലെ 2016 ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദിനെ ജെഎന്‍യു ഹോസ്റ്റലില്‍ നിന്ന് കാണാതായത്. ഡല്‍ഹി പൊലീസും സിബിഐയും അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. പക്ഷെ പ്രതീക്ഷള്‍ അറ്റുപോകാതെ തെരുവില്‍ ഫാത്തിമ നഫീസയുണ്ട്.

തീരോധാനത്തിന്‍റെ വാര്‍ഷികത്തില്‍ നജീബിനും കുടംബത്തിനും ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികളും സാമൂഹ്യപ്രവര്‍ത്തകരും സംഘടിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ തബരീസ് അന്‍സാരിയുടെ ഭാര്യ ഷയിസ്ത പര്‍വീണ്‍ തുടങ്ങിയവരും പങ്കെടുത്തു.എഴുത്തുകാരി അരുന്ധതിറോയ് ഉള്‍പ്പെടേയുള്ളരും പിന്തുണയുമായി എത്തി.