മണിക്കൂറുകൾ, മിനുട്ടുകൾ, സെക്കന്‍ഡുകൾ പഠനവിഷയമാക്കി പോൾ ഡിസൂസ; അപൂർവശേഖരം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാച്ചുകളുടെയും ക്ലോക്കുകളുടെയും അപൂര്‍വശേഖരവുമായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. ബെംഗളൂരു സ്വദേശി പോള്‍ ഡിസൂസയാണ്, തന്റെ ജീവിതം മുഴുവന്‍ ഘടികാരങ്ങളുടെ ലോകത്ത് ചിലവഴിക്കുന്നത്. ഇതിനൊപ്പം കാഴ്ചയില്ലാത്തവര്‍ക്ക് ഡിജിറ്റല്‍ ഡോക്യുമെന്‍റുകള്‍ വായിക്കാനായി ബെയ്‌‍ലി ലിപിയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറും ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.

ഇത് പോള്‍ ഡിസൂസ, തന്‍റെ ജീവിതം മുഴുവന്‍ ഘടികാരങ്ങളുടെ ലോകത്ത് ചിലവഴിക്കുന്ന വ്യക്തി. മണിക്കൂറുകളെയും, മിനുട്ടുകളെയും, സെക്കന്‍ഡുകളെയും പഠനവിഷയമാക്കിയയാള്‍. ചെറുപ്പം മുതല്‍ വാച്ചുകളുടെയും  ക്ലോക്കുകളുടുടെയും മെക്കാനിസത്തോട് തോന്നിയ ഇഷ്ടമാണ് ഇവയുടെ വന്‍ശേഖരം പോളിന്‍റെ കയ്യിലെത്തിച്ചത്. സമ്പാദ്യം മുഴുവന്‍ ചിലവഴിച്ചാണ് അപൂര്‍വശേഖരങ്ങള്‍ സ്വന്തമാക്കിയത്

200 വര്‍ഷം പഴക്കമുള്ള ക്ലോക്ക്. 100 മുതല്‍ 300 വര്‍ഷം വരെ പഴക്കമുള്ള വാച്ചുകള്‍. വാച്ച് നിര്‍മാണ ചരിത്രം വ്യക്തമാക്കുന്ന വാച്ച് മേക്കേഴ്സ് ലെയ്ത്ത്. എന്നിങ്ങനെ നീളുന്നു പോളിന്‍റെ ശേഖരങ്ങള്‍. ഇവ സംരക്ഷിച്ചിരിക്കുന്നത് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലും.250 വര്‍ഷം പഴക്കമുള്ള ബ്രെഗ്യെറ്റ് വാച്ച് കൈവശമുള്ള ഏക ഇന്ത്യക്കാരനുമാണ് പോള്‍. വാച്ചുകളുടെയും ക്ലോക്കുകളുടെയും വന്‍ ശേഖരത്തിനൊപ്പം മികച്ച ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‌ കൂടിയാണ് ഇദ്ദേഹം. കാഴ്ചയില്ലാത്തവര്‍ക്ക് ഡിജിറ്റല്‍ ഡോക്യുമെന്‍റുകള്‍ വായിക്കാനായി ബെയ്‌‍ലി ലിപിയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറും ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.