പ്രഭാത നടത്തത്തിനിടെ ബീച്ച് വൃത്തിയാക്കി മോദി; മാലിന്യങ്ങൾ നീക്കി; വിഡിയോ

ചെന്നൈയിൽ സ്വച്ഛ് ഭാരത് ശുചീകരണപ്രവർത്തനങ്ങളിലേർപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്ക് മുന്നോടിയായി മാമല്ലപുരത്തെ ബീച്ച് വൃത്തിയാക്കിയായിരുന്നു മോദിയുടെ സ്വച്ഛ് ഭാരത് പ്രവർത്തനം. ബീച്ചിലെ മാലിന്യങ്ങള്‍ സ്വയം എടുത്തുമാറ്റി വൃത്തിയാക്കുന്ന വിഡിയോ മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. 

പൊതുസ്ഥലങ്ങൾ വൃത്തിയായി സുക്ഷിക്കണമെന്ന ആഹ്വാനത്തോടെയാണ് 30 മിനിട്ടോളം മോദി ശുചീകരണയജ്ഞത്തിൽ മുഴുകിയത്. ഹോട്ടൽ ജീവനക്കാരിലൊരാളായ ജെയരാജിന് മാലിന്യശേഖരം കൈമാറിയെന്ന് മോദി ട്വീറ്റിൽ പറയുന്നു. 

മാമല്ലപുരത്ത് നടക്കുന്ന ഇന്ത്യ ചൈന ഉച്ചകോടിയിൽ ഇന്ന് നിർണായക ചർച്ചകൾ നടക്കും. വ്യാപാരം സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടാകുമെന്നാണ് സൂചന.പ്രത്യേകിച്ചും അമേരിക്കയും ചൈനയും തീരുവ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ ഇന്ത്യയെ പാടേ അവഗണിക്കാന്‍ ബെയ്ജിങ്ങിനാവില്ല.ഇതുകഴിഞ്ഞു സെക്രട്ടറി തല ചര്‍ച്ചകള്‍ തുടരും.

അനൗദ്യോഗിക ഉച്ചക്കോടിയായതിനാല്‍ തന്നെ സംയുക്ത പ്രസ്താവനയോ പ്രഖ്യപനേേളാ  ഉണ്ടാവില്ല. പക്ഷേ ഇരുരാജ്യങ്ങളും പ്രത്യേകം പ്രത്യേകം വാര്‍ത്തകുറിപ്പുകള്‍ ഇറക്കും.