മോദി ഭരണത്തിൽ എഫ്സിഐ കടം കുതിച്ചുയർന്നു; കടുത്ത പ്രതിസന്ധി

നരേന്ദ്രമോദി സർക്കാരിന്റെ അഞ്ചുവർഷത്തെ ഭരണക്കാലത്ത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കടം മൂന്നിരട്ടി വർധിച്ചെന്ന് റിപ്പോർട്ട്. 2014 മാർച്ചില്‍ 91, 409 കോടി കടമുണ്ടായിരുന്നു എഫ്സിഐയുടെ ഇപ്പോഴത്തെ കടം 2.65 ലക്ഷം കോടിയാണ്. 2019 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 190 ശതമാനം വർധനവാണ് അഞ്ചുവർഷക്കാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. 

2016-17 കാലയളവ് മുതലാണ് കടം കുതിച്ചുയരാൻ തുടങ്ങിയത്. ഇക്കാലയളവില്‍ നാഷണൽ സ്മോൾ സേഫിങ്സ് ഫണ്ടില്‍(എൻഎസ്എസ്എഫ്) നിന്ന് എഫ്സിഐ നിരന്തരം ലോണുകൾ എടുത്തിരുന്നു.  കേന്ദ്രം നൽകിയിരുന്ന ഭക്ഷ്യ സബ്സിഡി കുറഞ്ഞതോടെയാണ് എഫ്സിഐ ലോണുകളെ ആശ്രയിക്കാൻ നിർബന്ധിതമായത്. മാർച്ച് വരെയുള്ള കണക്കനുസരിച്ച് എൻഎസ്എസ്എഫ് ലോണുകളിൽ നിന്ന് മാത്രമായി 1.91 ലക്ഷം കോടി കടമുണ്ട് എഫ്സിഐക്ക്. 

നേരത്തെ ഭക്ഷ്യ സബ്സിഡി തുക പൂർണമായി കേന്ദ്രസര്‍ക്കാർ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ വർഷങ്ങളായി ഈ തുക മുഴുവനായി നൽകുന്നില്ല. ഇതോടെയാണ് എഫ്സിഐ കടത്തിലായത്. 

ഭക്ഷ്യധാന്യങ്ങളുടെ സംസ്കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്ര സർക്കാർ ഏജൻസിയാണ് എഫ്സിഐ. താങ്ങുവിലയും സംസ്ഥാനങ്ങൾക്കുള്ള വിൽപ്പനത്തുകയും നിശ്ചയിക്കുന്നത് കേന്ദ്രമാണ്. പൂർണമായും കേന്ദ്രസർക്കാരിനെ ആശ്രയിച്ചാണ് എഫ്സിഐയുടെ പ്രവർത്തനം.