പൂച്ചയുടെയും നായയുടെയും മുഖംമൂടിയണിഞ്ഞ് നിർമാതാവിന്റെ കവർച്ച; കുടുക്കിയതും സിനിമാസ്റ്റൈലിൽ

തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയുടെ ഭിത്തി തുരന്നു 13 കോടിയുടെ ആഭരണം കവർന്ന സംഭവത്തിന്റെ സൂത്രധാരൻ തെലുങ്കു സിനിമാ നിർമാതാവും കള്ളക്കടത്തുകാരനുമായ മുരുകനെന്നു പൊലീസ്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.

തിരുവാരൂരിൽ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മണികണ്ഠനെ ചോദ്യം ചെയ്തതിൽ നിന്നാണു നിർണായക വിവരങ്ങൾ ലഭിച്ചത്. ഇയാളിൽനിന്നു ലളിത ജ്വ‌ല്ലറിയിൽ നിന്നു മോഷ്ടിച്ച 5 കിലോ സ്വർണം കണ്ടെടുത്തിരുന്നു. വാഹന പരി‌ശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിനെ കിലോമീറ്ററുകൾ പിന്തുടർന്നാണു മണികണ്ഠനെ പിടികൂടിയത്.

ബൈക്കിലുണ്ടായിരുന്ന സു‌രേഷ് എന്നയാൾ ഇതിനിടെ കടന്നുകളഞ്ഞിരുന്നു. ഇയാൾ മുരുകന്റെ സഹായിയാണെന്നു വ്യക്തമായിട്ടുണ്ട്. മുരുകൻ നിർമിച്ച തെലുങ്ക് സിനിമയിൽ ഇയാൾ അഭിനിയിച്ചിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് പുതുക്കോട്ടയിൽ നിന്നു കഴിഞ്ഞ ദിവസം പിടികൂടിയ 5 ജാർഖണ്ഡ് സ്വദേശികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. 

തിരുച്ചിറപ്പള്ളി ചൈത്രം ബസ് സ്റ്റാൻഡിനു സമീപത്തെ ലളിത ജ്വല്ലറിയിൽ ചൊവ്വാഴ്ച രാത്രിയാണു മോഷണം നടന്നത്. 35 കിലോ സ്വർണവും വജ്ര നെക്ലേസുകളുമാണു മോഷണം പോയത്. രാവിലെ ജീവനക്കാരെത്തി ഷോറൂം തുറന്നപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. മുഖംമൂടി ധരിച്ച രണ്ടു പേർ അകത്തു കയറി ആഭരണ‌ങ്ങൾ ചാക്കിൽ നിറയ്ക്കുന്ന ദൃശ്യങ്ങൾ പിന്നീട് സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ചു.അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഏഴു പ്രത്യേക സംഘങ്ങൾക്കു രൂപം നൽകി.

ഷോറൂമിനു മുന്നിൽ അഞ്ചു സുരക്ഷാ ജീവനക്കാർ കാവൽ നിൽക്കെയാണു ‌പിന്നിൽ ചുമർ തുരന്നു മോഷണം നടത്തിയത്. ഒരു മണിക്കൂർ നേരം മോഷ്ടാക്കൾ ജ്വല്ലറിക്കകത്ത് ചെലവഴിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ ‌വ്യക്തം. ഒരാൾ നായയുടെയും രണ്ടാമൻ പൂച്ചയുടെയും മുഖം മൂടിയാണു ധരിച്ചിരുന്നത്. സുരക്ഷാ ജീവ‌നക്കാരുൾപ്പെടെ ഇരുനൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. മൂന്നു നിലയുള്ള കെട്ടിടത്തിൽ സ്വർണ, വജ്ര ആഭരണങ്ങള്‍ വിൽക്കുന്ന താഴത്തെ നിലയിലാണു ‌മോഷണം നടന്നത്.

സർക്കാർ എയ്ഡഡ് സ്കൂളിനോടു ചേർന്നാണു ജ്വല്ലറി ഷോറൂം. ‌സ്കൂൾ കെ‌ട്ടിടത്തിനകത്തൂകൂടിയാകാം മോഷ്ടാക്കൾ പിൻഭാഗത്തെത്തിയതെന്നാണു പൊലീസിന്റെ നിഗമനം. ലോക്കറിലേക്കു മാറ്റാതെ ഷോകേസിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങളാണു മോഷ്ടിച്ചത്. ആഭരണങ്ങൾ ലോ‌ക്കറിലേക്കു മാറ്റിയിട്ടില്ലെന്ന വിവരം ആരെങ്കിലും ഇവർക്കു കൈമാറിയിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു.

മികച്ച ആസൂത്രണത്തോടെയാണു മോഷണം നടന്നതെന്നതിനാൽ പിന്നിൽ പ്രഫഷനൽ സംഘങ്ങളാകാമെന്നു പൊലീസ് സംശയിക്കുന്നു. വിരലടയാളം പതിയാതിരിക്കാൻ രണ്ടുപേരും ഗ്ലൗസ് ധരിച്ചിരുന്നു. പൊലീസ് നായ മണം പിടിക്കാതിരിക്കാൻ മുളകു പൊടി വിതറിയിട്ടുണ്ട്.ഈ വർഷമാദ്യം തിരുച്ചിറപ്പള്ളിയിലെ പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന കവർച്ചയിൽ ലക്ഷക്കണക്കിനു രൂപയും പണയ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.