‘മഹാത്മാ’ കോടതിയിലെത്തിയ വഴി; ചരിത്രമായി ചോദ്യപേപ്പർ വിവാദവും

രബീന്ദ്ര നാഥ ടാഗോർ ഗാന്ധിജിക്ക് നൽകിയ  മഹാത്മാ എന്ന പേരിന് കോടതി കയറിയ ചരിത്രവുമുണ്ട്. മഹാത്മാ എന്ന നാമം കോടതിയിലെത്തിയ വഴികൾ ഇങ്ങനെയാണ് 

1915 ൽ രബീന്ദ്ര നാഥ് ടാഗോറാണ്  ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതെന്നാണ് ചരിത്രം. എന്നാൽ മഹാത്മാ എന്ന പേരിന് പല തവണ കോടതി കയറേണ്ടി വന്നു. 2016 ൽ രാജ്‌കോട്ടിലെ പഞ്ചായത്ത് ക്ലെർക്ക് പരീക്ഷയുടെ ഉത്തര സൂചികയുമായി ബന്ധപ്പെട്ടാണ് വിവാദം ആദ്യമുയർന്നത്. ഉത്തര സൂചിക അനുസരിച് ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചത് ഒരു അജ്ഞാത മാധ്യമ പ്രവർത്തകൻ ആണെന്ന് രേഖപ്പെടുത്തിരിയിരുന്നു. ഇതിനെതിരെ പരീക്ഷ എഴുതിയ സന്ധ്യ മാരു എന്ന യുവതി ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചു. ടാഗോർ എന്ന് ഉത്തരമെഴുതിയ തനിക്ക് മാർക്ക് നിഷേധിച്ചു എന്നതായിരുന്നു മാരുവിന്റെ പരാതി. ഈ വിവാദം കോടതിക്കകത്തും പുറത്തും ചൂടേറിയ സംവാദങ്ങൾക്ക് വഴിവെച്ചു.  നീണ്ട വാദങ്ങൾക്ക് ശേഷം  ടാഗോർ തന്നെയാണ് ഗാന്ധിയെ മഹാത്മാ എന്ന് ആദ്യം വിളിച്ചതെന്ന് കോടതി കണ്ടത്തി. 

ഇന്ത്യൻ നോട്ടുകളിലും നാണയങ്ങളിലും മഹാത്മാ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ചു എസ് മുരുകാനന്ദം എന്ന ഗവേഷണ വിദ്യാർത്ഥി 2017 ൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.  വിശദമായ വാദം കേട്ടതിനു ശേഷം  നവംബറിൽ മദ്രാസ് ഹൈക്കോടതി പൊതുതാല്പര്യ ഹർജി തള്ളി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനു ഹർജിക്കാരന് മേൽ പതിനായിരം രൂപയുടെ നഷ്ടപരിഹാരം കൂടി കോടതി  ചുമത്തി. മഹാത്മാ എന്ന പദം വെറുമൊരു വിശേഷണമല്ല...  രാഷ്ട്രം രാഷ്ട്രപിതാവിന് നൽകുന്ന ആദരമാണ് ... അത് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു  കോടതികളുടെ ഇടപെടലുകളും.