ലിപ്സ്റ്റിക്കിലടക്കം ഒളിക്യാമറ; ദൃശ്യങ്ങൾ പകർത്തി തട്ടിപ്പ്; ഹണിട്രാപ്പില്‍ ഉന്നതര്‍ക്കും കുരുക്ക്

മധ്യപ്രദേശ് രാഷ്ട്രീയ വൃത്തങ്ങളെ പിടിച്ചു കുലുക്കിയിരിക്കുയാണ് പെൺ കെണിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഇതുമായി ബന്ധപ്പെട്ട രണ്ട് വിഡിയോകൾ കൂടി വൈറലായി. ഹണിട്രാപ് സംഘങ്ങളുടെ കെണിയിൽ അകപ്പെട്ടത് മുൻമുഖ്യമന്ത്രി അടക്കമുള്ള ഉന്നതരാണ്. ലിപ്സ്റ്റിക്കിലും കൂളിങ് ഗ്ലാസിലും വരെ ഒളിക്യാമറ വച്ചാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. 

ഇൻഡോറിൽ നിന്നും ഭോപ്പാലിൽ നിന്നുമായി സെപ്റ്റംബർ 18, 19 തീയതികളിൽ 5 സത്രീകളെയും ഒരു പുരുഷനെയുമാണ് അറസ്റ്റ് ചെയ്തത്. ഇൻഡോറിലെ മുൻസിപ്പൽ കോർപ്പറേഷൻ എഞ്ചിനിയറായ ഒരാൾ തന്റെ വിഡിയോ ക്ലിപ്പുകൾ കാണിച്ച് സംഘം ഭീഷണിപ്പെടുത്തി എന്ന് പൊലീസിൽ‌ പരാതി നൽകിയിരുന്നു. മൂന്ന് കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻ റാക്കറ്റിനെ പൊലീസ് പിടികൂടിയത്.

ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ൻ, ശ്വേത സ്വപ്നിൽ ജയിൻ, ബർക്ക സോണി, ഓംപ്രകാശ് കോരി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നുമാണ് ഒളിക്യാമറകൾ പിടിച്ചെടുത്തത്. മുന്‍ മുഖ്യമന്ത്രി ഒരു പെണ്‍കുട്ടിയോടൊപ്പമുള്ള ദൃശ്യങ്ങളാണ്‌ ഒരു വീഡിയോയിലുള്ളത്‌. എട്ട്‌ മുന്‍മന്ത്രിമാര്‍, 12 ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവരുടെ വീഡിയോകളാണു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്‌. ചിത്രങ്ങള്‍ ചോര്‍ന്നത്‌ സംബന്ധിച്ചു പോലീസില്‍ പരസ്‌പരം പഴിചാരല്‍ തുടങ്ങിയിട്ടുണ്ട്‌. പോലീസ്‌ മേധാവി വി.കെ. സിങ്ങും സ്‌പെഷല്‍ ഡയറക്‌ടര്‍ ജനറല്‍(സൈബര്‍ സെല്‍) പുരുഷോത്തം ശര്‍മയുമാണ്‌ പരസ്പരം ഏറ്റുമുട്ടുന്നത്. 

സംസ്‌ഥാന പോലീസിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്‌ഥന്‍ കേസ്‌ അന്വേഷിക്കരുതെന്നു ശര്‍മ പരസ്യമായി ആവശ്യപ്പെട്ടതാണു വിവാദത്തിനു കാരണമായത്‌. അദ്ദേഹത്തിനെതിരേ മുഖ്യമന്ത്രി കമല്‍ നാഥ്‌ ഉടന്‍ നടപടിയെടുക്കുമെന്നാണു സൂചന. തട്ടിപ്പുകാരിലൊരാളുടെ ഫ്‌ളാറ്റില്‍ ശര്‍മ താമസിച്ചതായി ഡി.ജി.പിയും തിരിച്ചടിച്ചു. പത്ത്‌ വര്‍ഷത്തോളമായി സംസ്‌ഥാനത്ത്‌ ഹണിട്രാപ്പ്‌ സംഘം പ്രവര്‍ത്തിച്ചുവരുന്നതായാണു റിപ്പോര്‍ട്ടുകള്‍. സംഘം കോടികള്‍ സ്വന്തമാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.