പഠിക്കാത്തതിന് വഴക്കുപറഞ്ഞു; അമ്മയോട് മാപ്പുചോദിച്ച് കുറിപ്പെഴുതി വിദ്യാർഥിനി ജീവനൊടുക്കി

ലക്നൗവില്‍ എട്ടാംക്ലാസുകാരി വീടിനുമുകളിൽ നിന്ന് ചാടി ജീവനൊടുക്കി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന് അമ്മ വഴക്കുപറഞ്ഞെന്ന കാരണത്താലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സ്കൂൾ അധികൃതരുടെ സമ്മർദ്ദത്തെത്തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. 

അമ്മയോട് മാപ്പുപറഞ്ഞ് കുറിപ്പെഴുതിയ ശേഷമാണ് വിദ്യാർഥി ജീവനൊടുക്കിയത്. ''അമ്മ, ചെയ്ത തെറ്റിന് മാപ്പുചോദിക്കുന്നു. എന്നെയോർത്ത് സ്വയം നാണക്കേണ്ട് തോന്നുന്നു. എന്നോട് ക്ഷമിക്കണം''- കുറിപ്പിൽ പറയുന്നു. 

സ്വകാര്യബാങ്ക് മാനേജറാണ് പെൺകുട്ടിയുടെ അമ്മ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് അച്ഛൻ. അടുത്തിടെ പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സ്കൂളിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദമാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിലെന്നാണ് കുടുംബം പറയുന്നത്. 

ആരോപണം സ്കൂൾ നിഷേധിച്ചു. കുട്ടിയുടെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് സ്കൂളിന് പരാതികളൊന്നുമുണ്ടായിരുന്നില്ലെന്നും അധികൃതർ പ്രതികരിച്ചു.