മയക്കുമരുന്ന് നൽകി പീഡനം; ദൃശ്യങ്ങൾ പകർത്തി പ്രതിയുടെ അമ്മ; ഒടുവിൽ പിടിവീണു

മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പ്രണയം നടിച്ച് യുവതിയെ കെണിയിൽപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന്റെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

പൊലീസ് പറയുന്നത് : പ്രണയത്തിലെന്ന് നടിച്ച്, യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു യുവാവ്. വീട്ടിലെത്തിയ യുവതിക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. മയക്കത്തിലായ യുവതിയെ യുവാവ് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അമ്മ മൊബൈൽ ഫോണിൽ പകർത്തി. 

പിന്നാലെ വിഡിയോ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. യുവാവിന്റെ സഹോദരിയും ഭര്‍ത്താവും ചേർന്ന് യുവതിയോട് നാല് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഭയന്ന യുവതി പണം നൽകി. 

സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ലഭിച്ച പണം പിതാവ് യുവതിയെ ഏൽപ്പിച്ചിരുന്നു. ഈ പണമാണ് യുവതി യുവാവിന്റെ കുടുംബത്തിന് നൽകിയത്. പണമില്ലെന്നറിഞ്ഞതോടെ പിതാവ് യുവതിയെ ചോദ്യം ചെയ്തു. പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.