തമിഴർ നന്ദിയില്ലാത്തവർ; വിവാദ വാക്കുമായി പൊൻ രാധാകൃഷ്ണൻ; മറുപടി ഉടനെന്ന് സ്റ്റാലിൻ

തെന്നിന്ത്യയിൽ ഭാഷാ വികാരം വളരെ ശക്തമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഹിന്ദി രാജ്യഭാഷയാക്കണമെന്ന അമിത് ഷായുടെ പരാമർശം പുറത്തുവന്നതോടെ തമിഴകത്ത് തമിഴ് വികാരം ആളിക്കത്തുകയാണ്. ഇതിന് പിന്നാലെയാണ് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാക്കുകൾ വിവാദമാകുന്നത്‍. തമിഴര്‍ നന്ദിയില്ലാത്തവരാണെന്നായിരുന്നു പൊന്‍ രാധാകൃഷ്ണന്റെ പ്രതികരണം.

‘ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴ് എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.സംസ്‌കൃതത്തേക്കാള്‍ പഴക്കമുള്ള ഭാഷയാണ് തമിഴെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്തെങ്കിലും സ്‌നേഹം നമ്മുടെ ഭാഷയോട് ഉണ്ടായിരുന്നുവെങ്കില്‍, നമ്മള്‍ അത് ഒരു വര്‍ഷമെങ്കിലും ആഘോഷിച്ചേനെ. തമിഴര്‍ക്ക് മനുഷ്യരെ ആഘോഷിക്കുവാന്‍ അറിയില്ല. തമിഴര്‍ നന്ദിയില്ലാത്തവരാണ്’ പൊന്‍ രാധാകൃഷ്ണൻ പറഞ്ഞു.

ഇതിന് പിന്നാലെ വൻരോഷമാണ് തമിഴ്നാട്ടിൽ ഉയരുന്നത്. പൊന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ ഇതിനുള്ള മറുപടി പൊന്‍ രാധാകൃഷ്ണന് നൽകുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു.