ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ച് പാക്ക് ബഹിരാകാശ യാത്രിക; അതിരുകൾ ഭൂമിയിൽ മാത്രം

ലോകം ഉറ്റുനോക്കിയ ചന്ദ്രയാൻ 2 പൂർണവിജയം നേടിയില്ലെങ്കിലും ഇന്ത്യയുടെ വമ്പൻ നേട്ടങ്ങളിലൊന്നാണിതെന്ന് ലോകം വിധിയെഴുതിയിരുന്നു. അതേസമയം ഇന്ത്യയെ പരിഹസിച്ചായിരുന്നു പാക്കിസ്ഥാൻ മന്ത്രിയുടെ ട്വീറ്റ്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയും ആയിരുന്നു. എന്നാൽ ഇപ്പോഴിതാ ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻകാരി ബഹിരാകാശ യാത്രിക നമീറ സലിം. 

ദക്ഷിണേഷ്യയ്ക്കും ആഗോള ബഹിരാകാശ ഗവേഷണത്തിനും വലിയ ചുവടു വയ്പാണെന്നു പറഞ്ഞാണു ‘സ്പേസ് ട്രസ്റ്റ്’ സ്ഥാപകയായ പാക്കിസ്ഥാൻകാരിയുടെ അഭിനന്ദനം. ഭൂമിയിലെ രാഷ്ട്രീയ അതിരുകളെല്ലാം ബഹിരാകാശത്ത് മാഞ്ഞുപോകുമെന്നും അവർ ഓർമിപ്പിച്ചു. കറാച്ചിയിൽനിന്നുള്ള ‘സയൻഷ്യ’ ഡിജിറ്റൽ മാഗസിനിലാണു നമീറയുടെ നല്ല വാക്കുകൾ പ്രത്യക്ഷപ്പെട്ടത്. 

റിച്ചഡ് ബ്രാൻസന്റെ വിർജിൻ ഗലാറ്റിക് കമ്പനിയൊരുക്കുന്ന ബഹിരാകാശ യാത്രയിലാണു നമീറ പങ്കാളിയാകുന്നത്. വർഷങ്ങളായി മൊണാക്കോയിൽ താമസിക്കുന്ന ഇവർ സമാധാന സന്ദേശവുമായി ഉത്തര, ദക്ഷിണ ധ്രുവങ്ങളിലേക്കു നടത്തിയ യാത്രകൾ ശ്രദ്ധ നേടിയിരുന്നു. എവറസ്റ്റിനു മീതേ സ്കൈ ഡൈവിങ് നടത്തിയിട്ടുമുണ്ട്. 

MORE IN INDIA